മോസ്കോ: ബ്രിട്ടണെയും യുഎസിനെയും ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് ആക്രമിക്കുമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ. യുക്രൈനെതിരായ യുദ്ധത്തിൽ ബാലിസ്റ്റിക് മിസൈൽ റഷ്യ പ്രയോഗിച്ചതായി പുടിൻ പറഞ്ഞു. ചരിത്രത്തിൽ ആദ്യമായാണ് ഒരു രാജ്യത്തിനു നേരെ റഷ്യ ഇത്തരം മിസൈൽ പ്രയോഗിക്കുന്നത്.
റഷ്യയിൽ യുഎസ് നിർമിത ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ യുക്രൈന് അനുമതി നൽകിയതിനുപിന്നാലെ അമേരിക്കൻ നിർമിത ആയുധങ്ങൾ റഷ്യക്കു നേരെ യുക്രൈൻ പ്രയോഗിച്ചിരുന്നു. അതിന് മറുപടിയായി ആണ് റഷ്യ യുക്രൈയ്ന് നേരെ ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചത്.
ഇതിന് പിന്നാലെയാണ് യുകെയേയും മിസൈൽ ഉപയോഗിച്ച് ആക്രമിക്കുമെന്ന് പുടിൻ പറഞ്ഞത്. യുക്രെയ്ന് ആയുധങ്ങൾ നൽകിയ രാജ്യങ്ങൾക്കെതിരെ ആക്രമണം നടത്തുമെന്നും അതിന് തങ്ങൾക്ക് അവകാശമുണ്ടെന്നുമാണ് പുടിൻ കഴിഞ്ഞ ദിവസം പറഞ്ഞത്. റഷ്യ ലക്ഷ്യംവെക്കുന്ന രാജ്യങ്ങൾക്ക് സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കാൻ മുന്നറിയിപ്പ് നൽകുകയാണെന്നും പുടിൻ പറഞ്ഞു. അമേരിക്കൻ, ബ്രിട്ടീഷ് ദീർഘദൂര മിസൈലുകൾ ഉപയോഗിച്ചതിന് മറുപടിയായി യുക്രൈനിലെ ഡിനിപ്രോയിലുള്ള തന്ത്രപ്രധാന കെട്ടിടങ്ങൾക്കു നേരെ ആക്രമണം നടത്തിയതെന്നും പുടിൻ കൂട്ടിച്ചേർത്തു.