വാഷിംഗ്ടണ്‍: യുഎസിലെ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാന്‍ തയ്യാറെടുക്കുന്നുവെന്ന വ്യക്തമായ സൂചന നല്‍കി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്‍ബിസിയുടെ ‘മീറ്റ് ദി പ്രസ്’ എന്ന പരിപാടിയിലാണ് ട്രംപ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. യുഎസില്‍ മതിയായ രേഖകളില്ലാത്ത എല്ലാ കുടിയേറ്റക്കാരെയും നാടുകടത്താനുള്ള തന്റെ ഉദ്ദേശ്യം വ്യക്തമാക്കുന്നതിനോടൊപ്പമാണ് ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള തന്റെ പദ്ധതിയെക്കുറിച്ചും അദ്ദേഹം പറഞ്ഞത്.
പ്രസിഡന്റായതിനു ശേഷം രേഖകളില്ലാത്ത എല്ലാ കുടിയേറ്റക്കാരെയും നാടുകടത്തുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, ‘ അത് ചെയ്യണം’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ‘ഞങ്ങള്‍ കുറ്റവാളികളില്‍ നിന്നാണ് ആരംഭിക്കുന്നത്, ഞങ്ങള്‍ അത് ചെയ്യണം എന്നും ട്രംപ് വിശദീകരിച്ചു.
”ഞങ്ങള്‍ക്ക് കഴിയുമെങ്കില്‍, എക്‌സിക്യൂട്ടീവ് നടപടിയിലൂടെ, ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു”. മാത്രമല്ല ഈ നയത്തെ ”പരിഹാസ്യം” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
തന്റെ ആദ്യ ദിവസം തന്നെ എക്സിക്യൂട്ടീവ് നടപടി ഉപയോഗിക്കാമെന്നും എന്നാല്‍ ഭരണഘടനാ ഭേദഗതിയുടെ സാധ്യതയെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. ”ഞങ്ങള്‍ ഇത് അവസാനിപ്പിക്കണം,” ട്രംപ് പറഞ്ഞു.
അതേസമയം, എന്നിരുന്നാലും വളരെ ചെറുപ്പത്തില്‍ തന്നെ യുഎസില്‍ എത്തിയവരും അവരുടെ ജീവിതത്തിന്റെ ഭൂരിഭാഗവും രാജ്യത്ത് ജീവിച്ചവരും രേഖകളില്ലാത്തവരുമായ ‘ഡ്രീമര്‍’മാരെ നിലനിര്‍ത്താന്‍ ഡെമോക്രാറ്റുകളുമായി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും ട്രംപ് പറഞ്ഞു.