കാലിഫോര്‍ണിയ: യുഎസിലെ കാലിഫോര്‍ണിയ സംസ്ഥാനത്തെ ലോസ് ഏഞ്ചല്‍സില്‍ വലിയ ആശങ്കയായി കാട്ടുതീ പടരുന്നു. ഇതുവരെ 5 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാലിസേഡ്‌സ്, ഈറ്റണ്‍, ഹര്‍സ്റ്റ് പ്രദേശങ്ങളില്‍ കാറ്റിന്റെ വേഗത വളരെ ഉയര്‍ന്നതിനാല്‍ നിയന്ത്രണാതീതമായി തുടരുന്ന നാലോ അഞ്ചോ വലിയ തീപിടുത്തങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോസ് ഏഞ്ചല്‍സില്‍ നിന്നും കാലിഫോര്‍ണിയയിലെ ഗ്രേറ്റര്‍ ലോസ് ഏഞ്ചല്‍സ് പ്രദേശങ്ങളില്‍ നിന്നും 70,000-ത്തിലധികം ആളുകളെ ഒഴിപ്പിച്ചു.
അതേസമയം, യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസയുടെ റോബോട്ടിംഗ് ദൗത്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററിയും (ജെപിഎല്‍) കാട്ടുതീ ഭീതിയിലാണ്. ജെപിഎല്ലില്‍ നിന്ന് സുരക്ഷാ ജീവനക്കാര്‍ ഒഴികെയുള്ള മുഴുവന്‍ ആളുകളെയും ഒഴിപ്പിച്ചതായാണ് വിവരം.
സാന്‍ ഗബ്രിയേല്‍ കുന്നുകളുടെ താഴ്വാരത്ത് 177 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന നാസയുടെ ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററി താല്‍ക്കാലികമായി അടച്ചു. പെര്‍സിവറന്‍സ് മാര്‍സ് റോവര്‍, ക്യൂരിയോസിറ്റി മാര്‍സ് റോവര്‍, യൂറോപ്പ ക്ലിപ്പര്‍ തുടങ്ങി നാസയുടെ വമ്പന്‍ റോബോട്ടിംഗ് ദൗത്യങ്ങള്‍ നയിക്കുന്നത് ജെപിഎല്‍ ആണ്.
ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക നന്ദി അറിയിക്കുകയാണ്, എല്ലാവരും സുരക്ഷിതരായിക്കുവാന്‍ ശ്രദ്ധിക്കുക എന്നും ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററി ഡയറക്ടര്‍ ലൗറി ലെഷിന്‍ എക്‌സിലൂടെ അറിയിച്ചു. സാന്‍ ഗബ്രിയേല്‍ താഴ്വരയിലെ ഏറ്റവും വലിയ നഗരമായ പാസഡീനയില്‍ സ്ഥിതി ചെയ്യുന്ന ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററി നാസയുടെ ഫണ്ടിംഗില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ ഏജന്‍സിയാണ്. 5,500-ഓളം മുഴുവന്‍സമയ ജോലിക്കാര്‍ ജെപിഎല്ലിനുണ്ട് എന്നാണ് കണക്ക്.
ജല ക്ഷാമത്തിനിടെയാണ് ലോസ് ഏഞ്ചല്‍സ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടുത്തത്തിനെതിരെ പോരാടുന്നത്. പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അഗ്‌നിശമന പ്രവര്‍ത്തനങ്ങളില്‍ പരിചയസമ്പന്നരായ വിരമിച്ച അഗ്‌നിശമന സേനാംഗങ്ങളെ സഹായത്തിനായി വിളിച്ചിട്ടുണ്ട്.