വാഷിങ്ടൺ: അമേരിക്കയിൽ അനധികൃതമായി താമസിക്കുന്ന എല്ലാ പൗരന്മാരെയും തിരിച്ചു വിളിക്കാനൊരുങ്ങി ഇന്ത്യ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കാൻ സർക്കാർ തയ്യാറാണെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്. രേഖകളില്ലാത്ത 18,000 ഇന്ത്യൻ കുടിയേറ്റക്കാരെ നാട്ടിലേക്ക് തിരിച്ചയക്കുമെന്ന് അമേരിക്ക നേരത്തെ അറിയിച്ചിരുന്നു. പഞ്ചാബ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കുടിയേറ്റക്കാരിൽ ഭൂരിഭാഗവും.മറ്റ് പല രാജ്യങ്ങളെയും പോലെ ട്രംപ് ഭരണകൂടത്തെ തൃപ്തിപ്പെടുത്താനും, വ്യാപാര ഭീഷണികളുടെ ആഘാതം ഒഴിവാക്കാനുമാണ് ഇന്ത്യ ഇത്തരത്തിലൊരു നടപടിയ്ക്ക് ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ട്. ജനുവരി 20ന് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ട്രംപ് അധികാരമേറ്റതിന് തൊട്ടു പിന്നാലെ സ്വീകരിച്ച എക്സിക്യൂട്ടീവ് നടപടികളിൽ പലതും യുഎസിലേക്കുള്ള അനധികൃത കുടിയേറ്റത്തെ ലക്ഷ്യം വച്ചുള്ളതാണെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ദേശീയ അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുക, യുഎസ്-മെക്സിക്കോ അതിർത്തിയിൽ സൈനികരെ അണിനിരത്തുക എന്നതും പ്രധാന നയങ്ങളായി പരിഗണിച്ചുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.1.45 ദശലക്ഷം ആളുകളുടെ പേരുള്ള പട്ടികയാണ് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് തയ്യാറാക്കിയിരിക്കുന്നത്. ഈ പട്ടിക പ്രകാരം 18,000 ഇന്ത്യക്കാരാണ് രേഖകളില്ലാതെ യുഎസിൽ കഴിയുന്നത്. എന്നാൽ കുടിയേറ്റക്കാരുടെ എണ്ണം ഇതിലുമധികമാകാമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ട്രംപ് അധികാരമേറ്റ ഉടൻ തന്നെ സമവായത്തിനാണ് ഇന്ത്യ ശ്രമിക്കുന്നത്. അതിനാലാണ് നാടുകടത്താനുള്ള നീക്കത്തെ പിന്തുണയ്ക്കുന്നതെന്നും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അമേരിക്ക തിരിച്ചയച്ചിരുന്നു.2023-24 സാമ്പത്തിക വർഷത്തിൽ മാത്രം 1100-ഓളം ഇന്ത്യക്കാരെ യു എസ് തിരികെ അയച്ചിട്ടുണ്ട്. ഇന്ത്യൻ സർക്കാരിന്റെ സഹകരണത്തോടെയായിരുന്നു നടപടി. എന്നാൽ നാടുകടത്തലിന് ഇന്ത്യ വേണ്ടത്ര പിന്തുണ നൽകുന്നില്ലെന്ന് യുഎസിന് പരാതിയുണ്ട്. പല തവണയും പ്രഖ്യാപിച്ച നാടുകടത്തൽ പദ്ധതികൾ നീണ്ടുപോകുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്.
ഇന്ത്യ മാത്രമല്ല, പല രാജ്യങ്ങളും യുഎസിന്റെ നാടുകടത്തൽ നടപടിയോട് സഹകരിക്കുന്നില്ലെന്നാണ് ഐസിഇ പറയുന്നത്. ഇത്തരം രാജ്യങ്ങളുടെ പട്ടികയും യുഎസ് തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യക്ക് പുറമേ, ഭൂട്ടാൻ, ക്യൂബ, മ്യാൻമർ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, എറിത്രിയ, ഹോങ്കോങ്, ഇറാൻ, ലാവോസ്, ചൈന, പാകിസ്താൻ, റഷ്യ സോമാലിയ, വെനസ്വേല എന്നീ 14 രാജ്യങ്ങളാണ് പട്ടികയിലുള്ളത്.