വാഷിങ്ടന്‍ : ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റ ചടങ്ങില്‍ ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പട്വന്ത് സിങ് പന്നുവും പങ്കെടുത്തെന്ന് ചിത്രം അടക്കം പ്രചരിക്കുന്നു.
ചടങ്ങിനായി ട്രംപും ഭാര്യ മെലാനിയയും വേദിയിലെത്തിയപ്പോള്‍ എല്ലാവരും ‘യുഎസ്എ, യുഎസ്എ’ എന്നു മുദ്രാവാക്യം മുഴക്കി. ഈ സമയത്ത് ‘ഖലിസ്ഥാന്‍ സിന്ദാബാദ്’ എന്നു മുദ്രാവാക്യം വിളിക്കുന്ന പന്നുവാണു വീഡിയോയിലുള്ളത്. വീഡിയോ പകര്‍ത്തിയത് ആരെന്ന് വ്യക്തമല്ല. ചിലപ്പോള്‍ പന്നു തന്നെ സെല്‍ഫി വീഡിയോ ചിത്രീകരിച്ചതാകാനും സാധ്യതയുണ്ടെന്ന് വിലയിരുത്തലുണ്ട്. എന്നാല്‍, പന്നുവിന്റെ വീഡിയോയെപ്പറ്റി ഔദ്യോഗിക സ്ഥിരീകരണമില്ല.
മറ്റാരുടെയെങ്കിലും പേരിലോ അല്ലെങ്കില്‍ ഉയര്‍ന്ന തുക നല്‍കിയോ ആകാം പന്നു ടിക്കറ്റ് സംഘടിപ്പിച്ചതെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ട്രംപുമായി ബന്ധമുള്ളയാളാണ് താനെന്ന് കാണിക്കാന്‍ ഈ അവസരം ഉപയോഗിച്ചതുമാകാം.
2020 ജൂലൈ മുതല്‍ പന്നുവിനെ ഇന്ത്യ ഭീകരവാദിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. പഞ്ചാബിലെ യുവാക്കളെ സമൂഹമാധ്യമങ്ങളിലൂടെ ഇന്ത്യയുടെ പരമാധികാരത്തെയും സുരക്ഷയെയും വെല്ലുവിളിക്കാന്‍ പന്നു പ്രേരിപ്പിക്കുന്നെന്നാണു കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.