.ന്യൂയോര്‍ക്ക്: യുഎസില്‍ ഒരു വ്യവസായിയുടെ വീട്ടില്‍ കുട്ടികളെ ഉള്‍പ്പെടെ തോക്കിന്‍മുനയില്‍ നിര്‍ത്തി കവര്‍ച്ചനടത്തിയതിന് കുറ്റം ചുമത്തിയ അഞ്ച് പേരില്‍ രണ്ട് ഇന്ത്യന്‍ വംശജരും. ന്യൂയോര്‍ക്കിലെ ഓറഞ്ച് കൗണ്ടിയിലായിരുന്നു സംഭവം. ഭൂപീന്ദര്‍ജിത് സിംഗ് (26), ദിവ്യ കുമാരി (26) എന്നീ ഇന്ത്യന്‍ വംജര്‍ക്കെതിരെയും, എലിജയ് റോമന്‍ (22), കോറി ഹാള്‍ (45), എറിക് സുവാരസ് (24) എന്നിവര്‍ക്കെതിരെയുമാണ് കേസെടുത്തത്.
പ്രതികളെ വൈറ്റ് പ്ലെയിന്‍സ് ഫെഡറല്‍ കോടതിയില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് മജിസ്‌ട്രേറ്റ് ജഡ്ജി വിക്ടോറിയ റെസ്‌നിക്കിന് മുന്നില്‍ ഹാജരാക്കി.20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന രണ്ട് കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. വ്യവസായിയുടെ വീട്ടില്‍ അനധികൃതമായി പ്രവേശിച്ച പ്രതികള്‍ വിലപിടിപ്പുള്ള ആഭരണങ്ങളും ആയിരക്കണക്കിന് ഡോളറുകളും മോഷ്ടിക്കുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായും എഫ്ബിഐ അസിസ്റ്റന്റ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ജെയിംസ് ഡെന്നെഹി പറഞ്ഞു.
2024 ഡിസംബര്‍ 1 ന് ന്യൂയോര്‍ക്കിലെ വാള്‍കില്‍ പട്ടണത്തിന് സമീപമുള്ള വീട്ടിലായിരുന്നു അതിക്രമം നടന്നത്. പ്രതികള്‍ ഭര്‍ത്താവിന്റെയും ഭാര്യയുടെയും കൈകാലുകള്‍ ബന്ധിച്ച് കുട്ടികള്‍ക്കൊപ്പം തോക്കുകാട്ടി ഭയപ്പെടുത്തി. തുടര്‍ന്ന് മോഷ്ടാക്കളില്‍ മൂന്ന് പേര്‍ വീടുമുഴുവന്‍ അരിച്ചുപെറുക്കി. വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിച്ച സേഫില്‍ നിന്ന് നിരവധി ആഭരണങ്ങളും ഏകദേശം 10,000 യുഎസ് ഡോളറും ഇവര്‍ കവര്‍ന്നു