അബുദാബി: യുഎഇയിലെ കൊക്കകോള സുരക്ഷിതവും ഉയർന്ന അളവിൽ ക്ലോറേറ്റ് ഇല്ലാത്തതും ആണെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്ഥിരീകരണം. പ്രാദേശിക വിപണികളിലെ കൊക്കകോള ഉൽപ്പന്നങ്ങൾ സുരക്ഷിതമാണെന്നും രാജ്യത്തെ ഭക്ഷ്യ സുരക്ഷാ ആവശ്യകതകൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമാണെന്നും കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയവും പ്രാദേശിക റെഗുലേറ്ററി അതോറിറ്റികളും പറഞ്ഞു. പരിശോധനയിൽ ഉയർന്ന അളവിലുള്ള ക്ലോറേറ്റ് കണ്ടെത്തിയതിനെ തുടർന്ന് കോക്ക്, സ്‌പ്രൈറ്റ്, ഫാന്റ, മറ്റ് പാനീയങ്ങൾ എന്നിവ തിരിച്ചുവിളിക്കാൻ ഉത്തരവിട്ടതായി കൊക്കകോളയുടെ യൂറോപ്യൻ ബോട്ടിലിംഗ് യൂണിറ്റ് തിങ്കളാഴ്ച അറിയിച്ചിരുന്നു. ഇതിന് പിന്നാലെ പലതരത്തിലുള്ള അഭ്യൂഹങ്ങളും പരന്നിരുന്നു. ഇതോടെയാണ് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്.
യുഎഇ വിപണിയിൽ ലഭ്യമായ ഉൽപ്പന്നങ്ങൾ അബുദാബിയിലെ കൊക്കകോള ബോട്ടിലിംഗ് പ്ലാന്റുകളിൽ പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്നവയാണ് എന്നും അതിനാൽ യൂറോപ്യൻ നടപടി തങ്ങൾക്ക് ബാധകമാകില്ല എന്നും മന്ത്രാലയം വ്യക്തമാക്കി. തുടർച്ചയായ ഏകോപനത്തിലൂടെ ഭക്ഷ്യസുരക്ഷ നിരീക്ഷിക്കുന്നതിനും ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുമുള്ള തുടർച്ചയായ പ്രതിബദ്ധത തങ്ങൾ പാലിക്കുന്നുണ്ട് എന്ന് യുഎഇ അതോറിറ്റി അറിയിച്ചു.