സൂര്യനെ ചന്ദ്രന്‍ പൂര്‍ണമായും മറച്ച അപൂര്‍വ പ്രതിഭാസത്തില്‍ അമ്പരന്ന് ലോകം. അത്ഭുത വിരുന്നൊരുക്കി സൂര്യഗ്രഹണം ദൃശ്യമായപ്പോള്‍ മെക്സിക്കോയുടെ പസഫിക് തീരം ഉള്‍പ്പെടെ പലയിടത്തം പകല്‍ ഇരുട്ടുമൂടി. മെക്സിക്കോയുടെ പസഫിക് തീരത്തെ മസറ്റ്ലാനിയിലാണ് വടക്കേ അമേരിക്കയില്‍ ആദ്യമായി സൂര്യനെ ചന്ദ്രന്‍ പൂര്‍ണമായും മൂടുന്ന ഘട്ടം ദൃശ്യമായത്.
കുക്ക് ഐലന്‍ഡില്‍ ആദ്യം ദൃശ്യമായ സൂര്യഗ്രഹണം പിന്നാലെ മെക്സിക്കോയില്‍ ദൃശ്യമായി. പ്രാദേശിക സമയം രാവിലെ 11.07ലേക്ക് എത്തിയപ്പോള്‍ സൂര്യഗ്രഹണത്തെ തുടര്‍ന്ന് മെക്സിക്കോയുടെ പടിഞ്ഞാറന്‍ തീരം പകല്‍ ഇരുട്ടിലമര്‍ന്നു. പിന്നാലെ തെക്കുകിഴക്കന്‍ ദിശയിലെ പ്രദേശങ്ങളില്‍ സൂര്യഗ്രഹണം പൂര്‍ണമായും ദൃശ്യമായി. അമേരിക്കന്‍ സമയം ഉച്ചയ്ക്ക് 2.27നാണ് ടെക്സസില്‍ സൂര്യഗ്രഹണം ദൃശ്യമായത്.
നാല് മിനിറ്റും 28 സെക്കന്റുമാണ് ചന്ദ്രന്‍ സൂര്യനെ പൂര്‍ണമായും മൂടുന്ന ഘട്ടം നീണ്ടത്. അമേരിക്കയിലെ പ്രശസ്തമായ നയാഗ്ര വെള്ളച്ചാട്ടത്തിലും സൂര്യഗ്രഹണം ദൃശ്യമായിരുന്നു. അമേരിക്കന്‍ സമയം വൈകുന്നേരം 4.18ഓടെയാണ് ഇവിടെ പൂര്‍ണഗ്രഹണം കാണാനായത്. നിരവധി പേരാണ് ഇവിടെ സൂര്യഗ്രഹണം കാണാന്‍ നിറഞ്ഞെത്തിയത്.
മെക്സിക്കോ, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിലായി 185 കിലോമീറ്ററിനുള്ളില്‍ വരുന്നിടത്താണ് സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമായത്. അവസാനമായി സൂര്യഗ്രഹണം ദൃശ്യമായത് കാനഡയിലെ ലാബ്രഡോർ, ന്യൂഫൗണ്ട്‌ലാൻഡ് എന്നിവിടങ്ങളിലാണ്.