ലണ്ടൻ: പുതിയ കൂറ്റൻ നയതന്ത്ര കാര്യാലയം നിർമിക്കാനുള്ള ചൈനയുടെ നീക്കത്തിനെതിരെ ലണ്ടൻ നഗരത്തിൽ പ്രതിഷേധം. യൂറോപ്പിലെ ഏറ്റവും വലിയ എംബസി പണിയാൻ ചൈന പദ്ധതിയിട്ട ലണ്ടൻ ടവറിനടുത്തുള്ള റോയൽ മിന്റ് കോർട്ടിന് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
ടിബറ്റൻ, ഹോങ്കോങ്, ഉയിഗൂർ സ്വദേശികളുടെ നേതൃത്വത്തിലായിരുന്നു റാലി. രാഷ്ട്രീയ എതിരാളികളെയും വിമർശകരെയും നിയമവിരുദ്ധമായി തടവിലിടാൻ ചൈന ഈ കേന്ദ്രം ഉപയോഗിക്കുമെന്നാണ് പ്രക്ഷോഭകാരികളുടെ ആശങ്ക. ഷാഡോ സുരക്ഷ മന്ത്രി ടോം ടുഗെൻഹാറ്റ്,ഷാഡോ ജസ്റ്റിസ് സെക്രട്ടറി റോബർട്ട് ജെന്റിക്, കൺസർവേറ്റിവ് പാർട്ടി മുൻ നേതാവ് ഇയാൻ ഡങ്കൻ സ്മിത്ത് എന്നിവരും പ്രതിഷേധക്കാർക്കൊപ്പം അണിനിരന്നു.
2018ലാണ് പദ്ധതിക്കായി ചൈന അഞ്ച് ഏക്കർ സ്ഥലം വാങ്ങിയത്. പ്രതിഷേധങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി നിർമ്മാണത്തിന് അനുമതി നൽകിയിരുന്നില്ല. ചൈനീസ് പ്രസിഡന്റ് ഷി ജിങ്പിങ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറെ നേരിട്ട് വിളിച്ച് ആവശ്യപ്പെട്ടതോടെയാണ് നിരവധി പ്രതിഷേധങ്ങൾക്കൊടുവിൽ പദ്ധതി വീണ്ടും തുടങ്ങിയത്.