വാഷിങ്ടൺ: റഷ്യഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനുമായും യുക്രെയ്ൻ പ്രസിഡന്റ് വ്‌ലാദിമിർ സെലെൻസ്‌കിയുമായും സംസാരിച്ചതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഇരു നേതാക്കളും തങ്ങളുടെ ടീമുകളെക്കൊണ്ട് ചർച്ചകൾ ഉടൻ ആരംഭിക്കാൻ സമ്മതിച്ചതായും ട്രംപ് വെളിപ്പെടുത്തി.
പുടിനും ട്രംപും ഏകദേശം ഒന്നര മണിക്കൂർ ടെലിഫോണിൽ സംസാരിച്ചുവെന്നും ഇരുവരും കണ്ടുമുട്ടാൻ സമ്മതിച്ചതായും റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭാഷണത്തിനിടെ, പുടിൻ ട്രംപിനെ മോസ്‌കോയിലേക്ക് ക്ഷണിക്കുകയും ചെയ്തു. റഷ്യൻ ആക്രമണം അവസാനിപ്പിക്കുന്നതിനും ശാശ്വത സമാധാനം ഉറപ്പാക്കുന്നതിനുമായി ട്രംപുമായി സംഭാഷണം നടത്തിയതായി സെലെൻസ്‌കി എക്‌സിൽ അറിയിച്ചു. ചർച്ചകൾക്ക് നേതൃത്വം നൽകാൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, സി.ഐ.എ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ്, ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക്കൽ വാൾട്ട്‌സ്, അംബാസഡറും പ്രത്യേക ദൂതനുമായ സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരോട് ട്രംപ് നിർദേശിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.