ന്യൂഡൽഹി: അമേരിക്കയിൽ നിന്നും ഇന്ത്യക്കാരുമായുള്ള അനധികൃത കുടിയേറ്റക്കാരുമായുള്ള രണ്ടാം ഘട്ട വിമാനം രണ്ട് ദിവസത്തിനകമെത്തുമെന്ന് റിപ്പോർട്ട്. ഫെബ്രുവരി 15ന് വിമാനം അമൃത്‌സറിലെത്തുമെന്നും പിന്നാലെ അനധികൃത കുടിയേറ്റക്കാരുമായുള്ള മറ്റൊരു വിമാനവും ഇന്ത്യയിലെത്തുമെന്നും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം അമൃത്‌സറിൽ വിമാനമിറക്കുന്ന തീരുമാനം വിവാദമായിട്ടുണ്ട്. കേന്ദ്രം പഞ്ചാബിനെ മനപ്പൂർവം ലക്ഷ്യം വെക്കുകയാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഹർപൽ ചീമ പറഞ്ഞു. ‘നാടുകടത്തപ്പെട്ട ഇന്ത്യക്കാരുമായുള്ള വിമാനം അമൃത്‌സറിൽ ഇറക്കുന്നതിലൂടെ പഞ്ചാബിനെ അപകീർത്തിപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. എന്തുകൊണ്ട് ഹരിയാനയിലേക്കും ഗുജറാത്തിലേക്കും അയക്കുന്നില്ല? പഞ്ചാബിന്റെ പ്രതിച്ഛായ തകർക്കുന്നതിനുള്ള ബിജെപിയുടെ ശ്രമമാണിത്. പകരം ഈ വിമാനം അഹമ്മദാബാദിലാണ് ഇറക്കേണ്ടത്’, ഹർപൽ ചീമ പറഞ്ഞു.