ഹൈദരാബാദ്: കുറഞ്ഞ വിലക്ക് കോഴിയിറച്ചി വിൽപന നടത്തിയ കടകളിൽ നടത്തിയ പരിശോധനയിൽ 600 കിലോ പഴകിയ ഇറച്ചി കണ്ടെടുത്തു. സംഭവത്തെ തുടർന്ന് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അർജുൻ നഗറിൽ എസ്‌എസ്‌എസ് ചിക്കൻ ഷോപ്പ് നടത്തുന്ന എം ഭാസ്‌കർ (34), അണ്ണാനഗർ ബാലംറായ് മേഖലയിലെ രവി ചിക്കൻ ഷോപ്പ് ഉടമ ബോട്ട രവീന്ദ്രർ (24) എന്നിവരാണ് അറസ്റ്റിലായത്.
സെക്കന്തരാബാദ് പ്രദേശത്തെ അണ്ണാനഗർ, അർജുൻ നഗർ എന്നിവിടങ്ങളിലെ വിവിധ കടകളിലും ഫാസ്റ്റ് ഫുഡ് സെന്ററുകളിലുമാണ് പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെയും ടാസ്‌ക് ഫോഴ്‌സ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. മാസങ്ങളായി സൂക്ഷിച്ചിരുന്ന ഇറച്ചി മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ വിലയ്ക്കാണ് ഇവർ നൽകിയിരുന്നതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തി. വൈൻ ഷോപ്പുകളിലേക്കും ഫാസ്റ്റ് ഫുഡ് സെന്ററുകളിലേക്കും ഇവർ തന്നെയാണ് വിതരണം നടത്തിയിരുന്നത്.