തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തെ പുകഴ്ത്തിയുള്ള പ്രസ്താവനയിലും സംസ്ഥാന സർക്കാരിനെ അഭിനന്ദിച്ചുള്ള ലേഖനത്തിലും നിലപാടിലുറച്ച് കോൺഗ്രസ് എംപി ശശി തരൂർ. നിലപാടിൽ മാറ്റമില്ലെന്നും സർക്കാരുകൾ നല്ല കാര്യങ്ങൾ ചെയ്താൽ പിന്തുണയ്ക്കുമെന്നും അത്തരം കാര്യങ്ങൾ അംഗീകരിക്കണമെന്നും ശശി തരൂർ പറഞ്ഞു. ലേഖനം വായിക്കുന്നതിൽ സന്തോഷമുണ്ടെന്നും ശശി തരൂർ പറഞ്ഞു.
കുട്ടികളുടെ നല്ല ഭാവിക്ക് നിക്ഷേപണം വേണമെന്നാണ് ലേഖനത്തിന്റെ അവസാന ഭാഗത്ത് പറയുന്നത്. രാഷ്ട്രീയത്തിന് അതീതമായി നല്ല കാര്യങ്ങളെ കാണണം. കേന്ദ്രസംസ്ഥാന സർക്കാരുകൾ നല്ല കാര്യങ്ങൾ ചെയ്താൽ അംഗീകരിക്കണം. തന്റെ നിലപാടിൽ മാറ്റമില്ല. വർഷങ്ങളായി താൻ പറയുന്ന കാര്യമാണിത്. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് താൻ ലേഖനമെഴുതിയത്.
കണക്ക് ഏതെന്ന് അറിയാൻ പ്രതിപക്ഷ നേതാവ് ലേഖനം വായിക്കണം. വിദേശകാര്യങ്ങളിൽ രാജ്യതാൽപര്യം നോക്കണം. അതിൽ രാഷ്ട്രീയ താൽപര്യം നോക്കരുത്. ഇതാണ് തന്റെ നിലപാട്. മോദി ട്രംപിനെ കണ്ടത് രാജ്യത്തിനുള്ള അംഗീകാരമാണ്. വ്യവസായ സൗഹൃദത്തിൽ കേരളം ഒന്നാമതായെങ്കിൽ കാരണം സിപിഎം നൽകിയ റാങ്കിങ് അല്ലെന്നും ദേശീയ റാങ്കിങ് ആണെന്നും ശശി തരൂർ പറഞ്ഞു. ലേഖനത്തെ അനുകൂലിച്ച് കോൺഗ്രസിൽ നിന്ന് ചിലർ വിളിച്ചിരുന്നുവെന്നും ശശി തരൂർ പറഞ്ഞു.
വികസനത്തിന് വേണ്ടി ആര് പ്രവർത്തിച്ചാലും സ്വീകരിക്കണം. ജനങ്ങൾ രാഷ്ട്രീയം ഒരുപാട് കണ്ടിട്ടുള്ളതാണ്. ഭരണപക്ഷം എന്ത് ചെയ്യുന്നതും തെറ്റാണെന്ന് കരുതരുത്. വിഷയാടിസ്ഥാനത്തിലാണ് താൻ കാര്യങ്ങൾ പറഞ്ഞത്. കുറെ വർഷങ്ങളായി കേരളത്തിന്റെ അവസ്ഥ വളരെ മോശമാണ്. ഇപ്പോൾ വികസനത്തിന് വേണ്ടി പ്രവർത്തിക്കാൻ ആര് തയ്യാറായോ അത് സ്വീകരിക്കണം.



