തിരുവനന്തപുരം: പാർട്ടിയെ വെല്ലു വിളിച്ച ശശി തരൂരിനോടുള്ള നിലപാടിൽ കോൺഗ്രസ്സിൽ ഭിന്നത. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെ തരൂരിനെ വിമർശിച്ച് രംഗത്തെത്തിയെങ്കിലും തരൂരിനോട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ മൃദു നിലപാടാണ് സ്വീകരിച്ചത്. തരൂരിനെ കുറ്റപ്പെടുത്താതെ വ്യവസായ മന്ത്രിയെ തള്ളിയായിരുന്നു സുധാകരന്റെ പ്രതികരണം. എന്നാൽ തരൂരിന്റേത് അച്ചടക്ക ലംഘനമാണെന്നാണ് ഭൂരിപക്ഷം നേതാക്കളുടേയും അഭിപ്രായം. നടപടി തീരുമാനിക്കേണ്ടത് എഐസിസി ആണെന്നും കെപിസിസി നേതൃത്വം വ്യക്തമാക്കുന്നു.
അതേസമയം, തരൂരിൻ്റെ ലേഖനത്തിനെതിരെ വ്യാപക വിമർശനങ്ങൾ ഉയരുമ്പോഴും കേരളത്തിലെ ഇടത് സർക്കാറിൻ്റെ കാലത്തെ വ്യവസായ നേട്ടങ്ങളെ കുറിച്ച് പറഞ്ഞതിൽ ശശി തരൂർ തിരുത്തിയില്ല. മാറ്റിപ്പറയണമെങ്കിൽ കണക്ക് നൽകണമെന്നാവശ്യപ്പെട്ട് ദേശീയ – സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിക്കുകയാണ് തരൂർ. പ്രവർത്തകസമിതി അംഗത്വം ഒഴിയണമെങ്കിൽ അതും ചർച്ച ചെയ്യാമെന്ന് വരെ പറഞ്ഞാണ് പാർട്ടിയെ തരൂർ വീണ്ടും വീണ്ടും കടുത്തവെട്ടിലാക്കുന്നത്.
സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയും പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും യുഡിഎഫ് കൺവീനറുമടക്കം പാർട്ടിനേതാക്കൾ തള്ളിപ്പറഞ്ഞിട്ടും തരൂരിന് ഒരിഞ്ചും കുലുക്കമില്ല. ഇടത് സർക്കാറിൻ്റെ വ്യവസായ നേട്ടങ്ങളെ പുകഴ്ത്തുന്ന ലേഖനത്തിൽ ഒരുമാറ്റത്തിനുമില്ല കോൺഗ്രസ് പ്രവർത്തക സമിതി അംഗം. രണ്ട് ഫേസ്ബുക്ക് പോസ്റ്റിലും രാവിലെ മാധ്യങ്ങളെ കണ്ടപ്പോഴും തരൂർ മയപ്പെട്ടു. സ്റ്റാർട്ടപ്പ് നേട്ടങ്ങൾക്ക് തുടക്കമിട്ടത് ആന്റണി ഉമ്മൻചാണ്ടി സർക്കാറുകളെന്ന കൂട്ടിച്ചേർക്കൽ, വ്യവസായ മന്ത്രിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടിക്കും പ്രശംസയുണ്ടായിരുന്നു. പക്ഷെ അന്ന് തുടങ്ങിവെച്ചത് ഇടത് സർക്കാർ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോയെന്ന് വീണ്ടും തരൂർ പറയുന്നു. കേരളത്തെ കുറിച്ചുള്ള ഗ്ലോബൽ സ്റ്റാർട്ടാഅപ്പ് എക്കോ സിസ്റ്റം റിപ്പോർട്ടാണ് തരൂർ എടുത്തുപറയുന്നത്. കേരള റാങ്കിംഗ് റിപ്പോർട്ടുകൾ പ്രതിപക്ഷനേതാവ് അടക്കമുള്ള നേതാക്കൾ തള്ളുമ്പോൾ തിരുത്തണമെങ്കിൽ പകരം വിവരങ്ങൾ വേണമെന്നാണ് തരൂരിൻ്റെ ആവശ്യം.