41 ഓളം രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് വ്യാപകമായി യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്താന്‍ ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. 41 രാജ്യങ്ങളെ മൂന്ന് വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ചാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക എന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പാകിസ്ഥാൻ, ഭൂട്ടാൻ, മ്യാൻമർ, അഫ്ഗാനിസ്ഥാൻ ഉള്‍പ്പെടെയുള്ള രാജ്യങ്ങളാണ് പട്ടികയിലുള്ളത്.
അഫ്ഗാനിസ്ഥാൻ, ഇറാൻ, സിറിയ, ക്യൂബ, ഉത്തരകൊറിയ എന്നിവയുൾപ്പെടെ 10 രാജ്യങ്ങളുടെ ആദ്യ ഗ്രൂപ്പിൽ പൂർണ്ണമായ വീസ നിരോധനം ഏര്‍പ്പെടുത്തും. രണ്ടാമത്തെ ഗ്രൂപ്പിൽ, എറിത്രിയ, ഹെയ്തി, ലാവോസ്, മ്യാൻമർ, ദക്ഷിണ സുഡാൻ എന്നിവയുൾപ്പെടെ അഞ്ച് രാജ്യങ്ങൾ ഭാഗികമായി വീസ നിരോധനം നേരിടേണ്ടിവരും, ഇത് ടൂറിസ്റ്റ്, സ്റ്റുഡന്റ് വീസകളുള്‍പ്പെടെ ബാധിക്കും. അതേസമയം നിയന്ത്രണങ്ങളില്‍ ഇളവുകളുണ്ടായേക്കാം എന്നും റിപ്പോര്‍ട്ടുണ്ട്. മൂന്നാമത്തെ ഗ്രൂപ്പിൽ, പാകിസ്ഥാൻ, ഭൂട്ടാൻ, മ്യാൻമർ എന്നിവയുൾപ്പെടെ മൊത്തം 26 രാജ്യങ്ങളാണുള്ളത്. ഈ രാജ്യങ്ങളിലെ സർക്കാരുകൾ 60 ദിവസത്തിനുള്ളിൽ പോരായ്മകൾ പരിഹരിക്കാൻ ശ്രമിച്ചില്ലെങ്കിൽ, യുഎസ് വിസ നൽകുന്നത് ഭാഗികമായി നിർത്തിവയ്ക്കുന്നത് പരിഗണിക്കുമെന്ന് പറയുന്നു. അതേസമയം പട്ടികയിൽ മാറ്റങ്ങൾ ഉണ്ടാകാമെന്നും ഭരണകൂടം ഇത് ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ന്യൂയോർക്ക് ടൈംസാണ് രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടത്.