അജു വാരിക്കാട്
(Financial strategist and retirement planning specialist)
2022ന് ശേഷം ഓഹരി വിപണി കണ്ട ഏറ്റവും മോശം ആഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. 2022ൽ ഓഹരി വിപണി 20ശതമാനം വരെ ഇടിഞ്ഞിരുന്നു. ഇപ്പോൾ പല നിക്ഷേപകരും ചോദിക്കുന്ന ചോദ്യമാണ് “നാം സാമ്പത്തിക മാന്ദ്യത്തിലാണോ?” അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് ആശ്വാസവാക്കൾ നൽകിയത് ഇങ്ങനെ. “യഥാർത്ഥ സമ്പദ്‌വ്യവസ്ഥയാണ് ഞങ്ങളുടെ ശ്രദ്ധ. കഴിഞ്ഞ മൂന്നാഴ്ചയായുള്ള ചെറിയ ചാഞ്ചാട്ടങ്ങൾ എന്നെ ബാധിക്കുന്നില്ല,”. ദീർഘകാല നിക്ഷേപമാണ് ഓഹരികളെ സുരക്ഷിതവും മികച്ചതുമാക്കുന്നത്, ഹ്രസ്വകാല ചാഞ്ചാട്ടങ്ങൾ മാത്രം ശ്രദ്ധിച്ചാൽ അത് അപകടകരമാണെന്നും അദ്ദേഹം വിശദീകരിച്ചു. “സർക്കാർ ശരിയായ നയങ്ങൾ നടപ്പാക്കിയാൽ, വരുമാനം, തൊഴിലവസരങ്ങൾ, ആസ്തി വർധന എന്നിവയ്ക്ക് അടിത്തറ ഉണ്ടാകും,” അദ്ദേഹം കൂട്ടിച്ചേർത്തു. താരിഫുകളും നികുതികളുമാണ് ഈ നയങ്ങൾ.
വാണിജ്യ സെക്രട്ടറി ഹോവാർഡ് ലൂട്ട്‌നിക്ക് പറഞ്ഞത്, പ്രസിഡന്റ് ട്രംപിന്റെ ലക്ഷ്യം വാർഷിക വരുമാനം 1,50,000 ഡോളറിൽ താഴെയുള്ളവർക്ക് നികുതി ഇല്ലാതാക്കുക എന്നതാണ് എന്നാണ്. താരിഫുകളിലും നികുതികളിലും ദിനംപ്രതി മാറ്റങ്ങൾ വരുന്നുണ്ട് എന്ന് നമുക്കു കാണാം.
സാമ്പത്തിക മാന്ദ്യമോ?
സാമ്പത്തിക മാന്ദ്യം എന്നത് തുടർച്ചയായ രണ്ട് പാദങ്ങൾ (6 മാസം) സമ്പദ്‌വ്യവസ്ഥ ചുരുങ്ങുമ്പോഴാണ് സാങ്കേതികമായി നിർവചിക്കപ്പെടുന്നത്. 2022ൽ ഇത് സംഭവിച്ചെങ്കിലും അന്ന് അത് മാന്ദ്യമായി പ്രഖ്യാപിച്ചിരുന്നില്ല. ഇപ്പോൾ, അത്തരമൊരു സ്ഥിതി എത്തിയിട്ടില്ലെന്നാണ് വിലയിരുത്തൽ.
ഓഹരി വിപണിയിൽ 10 ശതമാനം ഇടിവ് വരുമ്പോൾ അതിനെ തിരുത്തൽ (കറക്ഷൻ) എന്നും, 20 ശതമാനം ഇടിവ് വരുമ്പോൾ അതിനെ ബെയർ മാർക്കറ്റ് എന്നും വിളിക്കുന്നു. ഈ ആഴ്ച്ച എസ് ആൻഡ് പി 500 സൂചിക 10 ശതമാനം ഇടിഞ്ഞ് തിരുത്തൽ ഘട്ടത്തിലാണ്. സമ്പദ്‌വ്യവസ്ഥയും ഓഹരി വിപണിയും സമാനമാണെങ്കിലും വ്യത്യസ്തമാണ്. സമ്പദ്‌വ്യവസ്ഥ ചെലവിന്റെ യഥാർത്ഥ അളവാണ്, ഓഹരി വിപണി നിക്ഷേപകരുടെ പ്രതീക്ഷയാണ്.
പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും വേഗത്തിൽ കുറയുന്നതായി ആണ് റിപ്പോർട്ട്. എന്നാൽ, ഇത് സാധനങ്ങൾക്ക് വിലകൾ കുറയുന്നു എന്ന് അർത്ഥമില്ല, വിലവർധനവിന്റെ വേഗത കുറയുന്നു എന്നാണ്. യുഎസ് ഫെഡറൽ റിസർവിന്റെ ലക്ഷ്യം പണപ്പെരുപ്പം 2 ശതമാനത്തിലേക്ക് എത്തിക്കുകയാണ്. 2 ശതമാനം പണപ്പെരുപ്പം ജനങ്ങൾക്ക് ദൈനംദിന ജീവിതത്തിൽ അറിയില്ലെങ്കിലും ബിസിനസുകൾക്ക് വളർച്ച നൽകും. എന്നാൽ, ശമ്പള വർധന പണപ്പെരുപ്പത്തിനൊപ്പം കുതിക്കുന്നില്ല എന്നതാണ് പലർക്കും പ്രശ്നം.
നിക്ഷേപകർ എന്താണ് ചെയ്യുന്നത്?
വിപണി ഇടിയുമ്പോൾ നിക്ഷേപകർ സുരക്ഷിത ആസ്തികളിലേക്ക് നീങ്ങുന്നു. ട്രഷറി യീൽഡുകൾ കുറയുകയും സ്വർണവില ഉയരുകയും ചെയ്യുന്നു. ട്രഷറികൾ സർക്കാരിന് വായ്പ നൽകുന്നതാണ്, ഇത് താരതമ്യേന സുരക്ഷിതമെങ്കിലും കുറഞ്ഞ ലാഭമാണ് നൽകുന്നത്. ഇത് സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കകൾ വ്യക്തമാക്കുന്നു.
വിപണിനിക്ഷേപത്തിൽ നിന്ന് ആർക്കും എപ്പോഴും ലാഭം മാത്രം ലഭിക്കില്ല; നഷ്ടവും കൂടെ സംഭവിക്കാം. എന്നാൽ, 2008, 2020, 2022 തുടങ്ങിയ വിപണി തകർച്ചകളിൽ പോലും ദീർഘകാല നിക്ഷേപങ്ങൾ ചെയ്തവർ മികച്ച ലാഭം നേടിയിട്ടുണ്ട്. “എല്ലായ്‌പ്പോഴും വാങ്ങുക” always be buying (ABB) എന്ന തന്ത്രമാണ് പലരും പിന്തുടരുന്നത്. വിപണി ഇടിയുമ്പോൾ കൂടുതൽ വാങ്ങാനുള്ള അവസരമായി ഇതിനെ കാണാം. ഓഹരി വിപണി “സെയിലിൽ” ആയിരിക്കുമ്പോൾ ആളുകൾ ഓടി മാറുന്നത് വിരോധാഭാസമാണ്.
വിജയിക്കുവാൻ, കടങ്ങൾ വീട്ടി, പണം മാറ്റിവെച്ച്, നിക്ഷേപത്തിന്റെ തന്ത്രം മനസ്സിലാക്കണം. വികാരങ്ങൾ എപ്പോഴും ലാഭത്തിന്റെ ശത്രുവാണ്. നികുതി, താരിഫ്, എഐ തുടങ്ങിയ വാർത്തകളിൽ പ്രയാസപ്പെടാതെ, ശാന്തമായി അവസരങ്ങൾ തേടണം. വിപണി ഉയർന്നാലും താഴ്ന്നാലും വിജയിക്കാനുള്ള തന്ത്രം അറിയുകയാണ് വേണ്ടത്.