അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) ഒമ്പത് മാസത്തെ താമസം അവസാനിപ്പിച്ച് സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് മടങ്ങുകയാണ്. ബഹിരാകാശയാത്രികരായ നിക്ക് ഹേഗും അലക്‌സാണ്ടര്‍ ഗോര്‍ബുനോവും ഇവര്‍ക്കൊപ്പം ഭൂമിയിലേക്ക് തിരിച്ചു. ലോകത്തിലെ ഏറ്റവും ധനികനായ ഇലോണ്‍ മസ്‌കിന്റെ കമ്പനിയായ സ്പേസ് എക്സിന്റെ സാങ്കേതിക സഹായത്തോടെ നാസ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമാണ് അവരുടെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ്. സുനിതയും വില്‍മോറും ഭൂമിയിലേക്ക് മടങ്ങുന്നതിന് മുമ്പ് പകരക്കാരായ സംഘത്തിന് ഐഎസ്എസ് ദൗത്യത്തിന്റെ ഉത്തരവാദിത്തങ്ങള്‍ കൈമാറിയിരുന്നു.
അതേസമയം യാത്രയ്ക്കു മുന്നോടിയായുള്ള ഹാച്ചിങ് പൂർത്തിയായെന്നു നാസ അറിയിച്ചു. ഡ്രാഗൺ പേടകത്തെ ഐഎസ്എസുമായി ബന്ധപ്പെടുത്തുന്ന കവാടം അടയ്ക്കുന്ന പ്രക്രിയയാണിത്.
നാലംഗ സംഘം രാവിലെ 10:35ന് (അമേരിക്കന്‍ സമയം പുലര്‍ച്ചെ 1.05 ന്) ഐഎസ്എസില്‍ നിന്ന് അണ്‍ഡോക്ക് ചെയ്ത് 17 മണിക്കൂര്‍ നീണ്ട ഭൂമിയിലേക്കുള്ള യാത്ര ആരംഭിച്ചു. ബുധനാഴ്ച രാത്രിയാണ് അവരുടെ മടക്കയാത്ര ആദ്യം തീരുമാനിച്ചിരുന്നത്, എന്നാല്‍ ആഴ്ചയുടെ അവസാനത്തില്‍ പ്രതികൂല കാലാവസ്ഥ നിലനില്‍ക്കുമെന്നതിനാലാണ് യാത്ര നേരത്തെയാക്കിയത്. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 3:27 ന് (അമേരിക്കന്‍ സമയം ചൊവ്വാഴ്ച വൈകുന്നേരം 5:57) ഫ്‌ളോറിഡ തീരത്തോട് ചേര്‍ന്നുള്ള മെക്‌സിക്കോ ഉള്‍ക്കടലില്‍ നാലംഗ സംഘം ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലാന്‍ഡിംഗ് നടക്കുന്ന സ്ഥലം കൃത്യമായി നിശ്ചയിക്കുക പ്രാദേശിക കാലാവസ്ഥയെ ആശ്രയിച്ചായിരിക്കും.
എട്ട് ദിവസത്തെ ദൗത്യത്തിനായി ബുച്ചും സുനിയും കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഐഎസ്എസിലേക്ക് പോയത്. അവരെ സുരക്ഷിതമായി ബഹിരാകാശത്ത് എത്തിച്ച ബോയിംഗ് സ്റ്റാര്‍ലൈനര്‍ കാപ്‌സ്യൂളിന് അതിന്റെ പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതിനാല്‍ തിരികെ തനിയെ മടങ്ങേണ്ടിവന്നു. സുനിതയും ബുച്ചും ഐഎസ്എസില്‍ത്തന്നെ തുടരേണ്ടി വന്നു. പരീക്ഷണ പറക്കലില്‍ ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പറത്തിയ ആദ്യത്തെ ക്രൂ ആയിരുന്നു ഇരുവരും. തകരാറുള്ള കാപ്‌സ്യൂള്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് ഭൂമിയില്‍ തിരിച്ചെത്തിയത്.
അതേസമയം, ഈ വിഷയം യുഎസിന്റെ രാഷ്ട്രീയ വിഷയമാക്കി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മാറ്റിയിരുന്നു. ബഹിരാകാശയാത്രികരുടെ ദുരവസ്ഥയ്ക്ക് കാരണം മുന്‍ പ്രസിഡന്റ് ജോ ബൈഡനാണെന്ന് ട്രംപും അദ്ദേഹത്തിന്റെ അടുത്ത ഉപദേഷ്ടാവായ സ്പേസ് എക്സിന്റെ സിഇഒ എലോണ്‍ മസ്‌കും കുറ്റപ്പെടുത്തിയിരുന്നു.