വാഷിങ്ടണ്‍: യുഎസ് വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാനുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെയ്ക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ചയില്‍ വിദ്യാഭ്യാസ വകുപ്പിലെ വലിയ ഒരു വിഭാഗം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് അടച്ചുപൂട്ടല്‍ ഭീഷണി വീണ്ടും ശക്തമായിരിക്കുന്നത്. ഒരു കാബിനറ്റ് തല ഏജൻസി പിരിച്ചുവിടുന്നതിനുള്ള ട്രംപിന്‍റെ ആദ്യ ശ്രമമായിരിക്കും ഇതെന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടും എന്നത് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ട്രംപിന്‍റെ പ്രഖ്യാപനം കൂടിയായിരുന്നു.
വിദ്യാഭ്യാസ രംഗത്തെ ജിവനക്കാരെ പിരിച്ചുവിട്ടതില്‍ വലിയ രീതിയിലുള്ള പ്രതിഷേധം രാജ്യത്ത് ഉയന്നിട്ടുണ്ട്. എന്നാല്‍ വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതിന്‍റെ ഭാഗമായാണ് ഇത്തരം നീക്കങ്ങള്‍ എന്നാണ് ട്രംപിന്‍റെ വിശദീകരണം. ട്രംപിന്‍റെ ഇത്തരം തീരുമാനങ്ങള്‍ യുഎസ് കോണ്‍ഗ്രസിലെ നിയമനിര്‍മ്മാണത്തിലൂടെ മാത്രമെ നടപ്പിലാക്കാന്‍ സാധിക്കുകയുള്ളു. വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടുന്നതുപോലുള്ള പ്രധാനപ്പെട്ട തീരുമാനങ്ങളില്‍ 60 ശതമാനം വോട്ടാണ് വേണ്ടത്. എന്നാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് സെനറ്റില്‍ 53-47 ഭൂരിപക്ഷമാണ് ഉള്ളത്. 7 ഡ്രമോക്കാറ്റുകളുടെ കൂടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ ട്രംപിന്‍റെ ഈ നീക്കം ലക്ഷ്യം കാണുകയുള്ളൂ.