വാഷിംഗ്ടൺ: നിരവധി വിദേശ വിദ്യാർഥികൾക്ക് യുഎസിൽ വിസ റദ്ദാക്കിക്കൊണ്ടുള്ള അറിയിപ്പുകൾ ഇ-മെയിൽ വഴി ലഭിക്കുന്നതായി റിപ്പോർട്ട്. യുഎസ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റിൽ (ഡിഒഎസ്) നിന്നാണ് ഇത്തരം ഇ-മെയിൽ സന്ദേശങ്ങൾ വരുന്നത്. വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന എഫ്-1 വിസ റദ്ദാക്കിയതായും രാജ്യം വിടണമെന്നുമാണ് ഇ മെയിൽ സന്ദേശത്തിൽ പറയുന്നത്.
ക്യാമ്പസുകളിൽ പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തവർക്കെതിരെയും ദേശ വിരുദ്ധമെന്നാരോപിക്കപ്പെടുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ലൈക്ക് ചെയ്തവരെയും ഷെയർ ചെയ്യുന്നവരെയും ലക്ഷ്യമിട്ടാണ് ഇത്തരത്തിൽ ഇ-മെയിൽ സന്ദേശങ്ങൾ അയക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം പ്രതിഷേധ പരിപാടികളിൽ നേരിട്ട് പങ്കെടുക്കാതെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ലൈക്ക് ചെയ്തവരെയും ‘ദേശ വിരുദ്ധമെന്ന്’ ആരോപിക്കപ്പെടുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ ഷെയർ ചെയ്യുന്നവരെയുമൊക്കെ ഇത്തരത്തിൽ ലക്ഷ്യമിടുന്നതായും ആരോപണമുണ്ട്. ഇന്ത്യൻ വിദ്യാർത്ഥികളും ഇത്തരത്തിൽ ഇ-മെയിൽ വഴി അറിയിപ്പ് കിട്ടയവരിൽ ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ.