ഇന്ത്യ-യുഎസ് ആണവ കരാറിനു വീണ്ടു ജീവൻ വയ്ക്കുന്നു. ഇന്ത്യയിൽ ആണവ റിയാക്ടറുകൾ നിർമ്മിക്കാൻ ഒരു യുഎസ് കമ്പനിക്ക് യുഎസ് ഊർജ്ജ വകുപ്പിൽ (DoE) നിന്ന് അനുമതി. ഹോൾടെക് ഇന്റർനാഷണൽ എന്ന കമ്പനിയാണ് മാർച്ച് 26ന് അനുമതി പത്രം നൽകിയത്.
ഇന്ത്യ-യുഎസ് സിവിൽ ആണവ കരാറിൽ ഒപ്പുവെച്ചതിന് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇത്തരം ഒരു നടപടി. ഇന്ത്യ-യുഎസ് സിവിൽ ആണവ കരാറിന്റെ വാണിജ്യ സാധ്യതകൾ പ്രയോജനപ്പെടുത്താൻ മോദിയുടെ അമേരിക്കൻ സന്ദർശന വേളയിൽ തീരുമാനമായിരുന്നു. യുഎസ്-ഇന്ത്യ 123 സിവിൽ ആണവ കരാർ “പൂർണ്ണമായി സാക്ഷാത്കരിക്കുന്നതിന്” ഇരു രാജ്യങ്ങളും തമ്മിലുള്ള പുതുക്കിയ ആണവ സഹകരണം സംബന്ധിച്ച പ്രഖ്യാപനമാണ് അന്ന് നടത്തിയത്.
ഇത് ഇന്ത്യയെ സംബന്ധിച്ച് ഒരു പ്രധാന നയതന്ത്ര നേട്ടമായി കരുതപ്പെടുന്നു.
ഹോൾടെക്കിൻ്റെ “അൺക്ലാസിഫൈഡ് സ്മാൾ മോഡുലാർ റിയാക്ടർ (SMR) സാങ്കേതികവിദ്യ” ഇന്ത്യയിലെ മൂന്ന് സ്ഥാപനങ്ങൾക്ക് കൈമാറും.
ഹോൾടെക്കിൻ്റെ തന്നെ പ്രാദേശിക അനുബന്ധ സ്ഥാപനമായ ഹോൾടെക് ഏഷ്യ; ടാറ്റ കൺസൾട്ടിംഗ് എഞ്ചിനീയേഴ്‌സ് ലിമിറ്റഡ്, ലാർസൺ & ടൂബ്രോ ലിമിറ്റഡ് എന്നിവർക്കാണ് ഇതു കൈമാറുക.
ഇന്ത്യൻ-അമേരിക്കൻ ക്രിസ് പി സിംഗ് ആണ് ഹോൾടെക് ഇന്റർനാഷണലിനെ പ്രൊമോട്ട് ചെയ്യുന്നത്. 2010 മുതൽ ഹോൾടെക് ഏഷ്യയുടെ ഒരു എഞ്ചിനീയറിംഗ് യൂണിറ്റ് പൂനെയിൽ പ്രവർത്തിക്കുന്നുണ്ട്. ഗുജറാത്തിലെ ദഹേജിൽ ഒരു നിർമ്മാണ യൂണിറ്റും ഉണ്ട്.
ഹോൾടെക്കിന്റെ അഭ്യർത്ഥനയിൽ മൂന്ന് ഇന്ത്യൻ കമ്പനികൾ കൂടിയുണ്ട്. ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (NPCIL), തെർമൽ യൂട്ടിലിറ്റി NTPC ലിമിറ്റഡ്, ആറ്റോമിക് എനർജി റിവ്യൂ ബോർഡ് (AERB). എന്നാൽ ഈ മൂന്ന് സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്കും ആവശ്യമായ ആണവ നിർവ്യാപന ഉറപ്പുകൾ ഇന്ത്യാ ഗവൺമെന്റ് ഇതുവരെ നൽകിയിട്ടില്ല.
ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു ഇന്ത്യ – യുഎസ് ആണവകരാർ. മൻമോഹൻസിങ്ങിൻ്റെ കാലത്തായിരുന്നു കരാറിൽ എത്തിയത്. അന്ന് ഇടതുപക്ഷം യുപിഎ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. പാർലമെൻ്റിൽ വലിയ നാടകീയ രംഗങ്ങൾ അന്ന് അരങ്ങേറിയിരുന്നു. തുടന്നു വന്ന അവിശ്വാസ പ്രമേയത്തെ മൻമോഹൻ സിങ് അതിജീവിച്ചു എങ്കിലും ആണവകരാർ നിർജീവമമായി തന്നെ തുടരുകയാണ്. ആ കരാറാണ് പുതിയ വഴിത്തിരിവിലേക്ക് എത്തിയിരിക്കുന്നത്