ബ്യൂണസ് അയേഴ്‌സ്: തെക്കേ അമേരിക്കൻ രാജ്യമായ അർജന്റീനയിൽ വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയതായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു. പിന്നാലെ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചു. അർജന്റീനയ്ക്ക് പുറമേ ചിലിയുടെ തെക്കൻ തീരങ്ങളിലും അതിശക്തമായ ഭൂചലനം റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ച്ച പ്രാദേശിക സമയം രാവിലെ 9.58 നാണ് ഭൂകമ്പം ഉണ്ടായത്. അർജന്റീനയിലെ ഉഷുവയയിൽ നിന്ന് 219 കിലോമീറ്റർ അകലെയുള്ള ഡ്രേക്ക് പാസേജ് എന്നറിയപ്പെടുന്ന സമുദ്ര മേഖലയിലാണ് ഭൂകമ്പമുണ്ടായത്. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയിൽ സമുദ്രത്തിന് അടിയിലാണ് ഭൂകമ്പമുണ്ടായത്. രണ്ട് തുടർ ചലനങ്ങൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭൂകമ്പത്തെ തുടർന്ന് ചിലിയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നിലവിൽ ആളപായമോ നാശനഷ്ടങ്ങളോ സംബന്ധിച്ച വിവരങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
അർജന്റീനയിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല. അതേസമയം, ചിലിയുടെ തെക്കേ അറ്റത്തുള്ള മഗല്ലൻ തീരദേശ മേഖലയിൽ താമസിക്കുന്ന മുഴുവൻ ആളുകളോടും ഒഴിഞ്ഞുപോകാൻ അധികൃതർ അറിയിച്ചിട്ടുണ്ട്. തെക്കേ അമേരിക്കയിലെ കേപ് ഹോണിനും അന്റാർട്ടിക്കയ്ക്കും ഇടയിലുള്ള സമുദ്ര മേഖലയാണ് ഡ്രേക്ക് പാസേജ്.
പിണറായിക്ക് താൻ ഇല്ലെങ്കിൽ പരശുരാമൻ വീണ്ടും മഴുവെറിയേണ്ടി വന്നേനെ എന്നും പ്രസംഗിക്കാം
ഭൂകമ്പത്തെത്തുടർന്ന് അപകടകരമായ സുനാമി തിരമാലകൾ ഉയരുമെന്നാണ് യുഎസ്ജിഎസ് നൽകിയ മുന്നിറയിപ്പ്. പ്രഭവകേന്ദ്രത്തിന്റെ 300 കിലോമീറ്റർ പരിധിയിലുള്ള തീരപ്രദേശങ്ങളിലാണ് സുനാമി സാധ്യത നിലനിൽക്കുന്നത്. ഇവിടങ്ങളിൽ നിന്ന് ജനങ്ങളെ അതിവേഗം ഒഴിപ്പിക്കുന്നുണ്ട്. ചിലിയുടെ നാഷണൽ സർവീസ് ഫോർ ഡിസാസ്റ്റർ പ്രിവൻഷൻ ആൻഡ് റെസ്‌പോൺസും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
പ്യൂർട്ടോ വില്യംസ് എന്ന പട്ടണത്തിൽ നിന്ന് ഇതുവരെ 1,100ലധികം താമസക്കാരെ ഒഴിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സമുദ്രനിരപ്പിൽ നിന്ന് കുറഞ്ഞത് 30 മീറ്റർ ഉയരത്തിലുള്ള സുരക്ഷിത സ്ഥാനത്തേക്ക് മാറാനാണ് അധികൃതർ നൽകിയിരിക്കുന്ന നിർദേശം.



