.
വാഷിംഗ്ടൺ: വിമാനയാത്രക്കിയിടെ സഹയാത്രികനെ ആക്രമിച്ച ഇന്ത്യൻ വംശജനെ അറസ്റ്റ് ചെയ്തു. ഇഷാൻ ശർമ (21) ആണ് അറസ്റ്റിലായത്. ജൂൺ 30ന് ഫ്രണ്ടിയർ വിമാനത്തിലായിരുന്നു സംഭവം. ഫിലാഡൽഫിയയിൽ നിന്ന് മിയാമിയിലേക്ക് പോവുകയായിരുന്നു വിമാനം. വിമാനം പറന്നുയർന്ന ഉടൻ ഇഷാൻ സഹയാത്രികനായ കീനു ഇവാൻസിനെ യാതൊരു പ്രകോപനവുമില്ലാതെ ഉപദ്രവിക്കുകയായിരുന്നു. വിമാനത്തിൽ ഇഷാന്റെ മുന്നിലെ സീറ്റിലായിരുന്നു കീനു. കീനുവിന്റെ കഴുത്തിൽ കയറിപ്പിടിച്ച് ഭീഷണി മുഴക്കുകയായിരുന്നു. ആക്രമണത്തിൽ കീനുവിന് നിസാര പരിക്കേറ്റു. ഇഷാന്റെ കണ്ണിനും പരിക്കുണ്ട്. വിമാനത്തിലെ സഹയാത്രികർ പലതവണ തടയാൻ ശ്രമിച്ചിട്ടും ഇഷാൻ അക്രമം തുടർന്നു. തുടർന്ന് വിമാനത്തിലെ ജീവനക്കാരെ അസിസ്റ്റൻസ് ബട്ടണിലൂടെ കീനു വിളിച്ചുവരുത്തി. ഇതോടെ ഇഷാൻ വീണ്ടും പ്രകോപിതനായി. തന്നെ വെല്ലുവിളിച്ചാൽ കൊന്നുകളയുമെന്നും കീനുവിനെ ഭീഷണിപ്പെടുത്തി. തുടർന്ന് വിമാനം മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഉടൻ ഇഷാനെ െേപാലീസ് അറസ്റ്റുചെയ്യുകയായിരുന്നു. ചൊവ്വാഴ്ച ഇഷാനെ കോടതിയിൽ ഹാജരാക്കി. ന്യൂജേഴ്‌സിയിലാണ് ഇയാൾ താമസിക്കുന്നത്. അതേസമയം,സംഭവത്തിൽ ഫ്രണ്ടിയർ എയർലൈൻസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.



