വാഷിങ്ടൺ: ‘ഫലസ്തീനെ സ്വതന്ത്രമാക്കുക’ എന്ന് മുദ്രാവാക്യം മുഴക്കി സോഷ്യൽ മീഡിയയിൽ ലൈവ് നൽകി ഇസ്രായേൽ എംബസിക്ക് മുന്നിൽ സ്വയംതീകൊളുത്തിയ അമേരിക്കൻ സൈനികൻ ആരോൺ ബുഷ്നെൽ മരിച്ചു. ഗുരുതര പൊള്ളലേറ്റ യു.എസ് നാവിക സേനാംഗമായ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണപ്പെട്ടത്.
വാഷിങ്ടണിലെ ഇസ്രായേൽ എംബസിക്ക് മുന്നിലായിരുന്നു സൈനിക വേഷത്തിലെത്തിയ ബുഷ്നെലിന്‍റെ പ്രതിഷേധം. ഞായറാഴ്ച ഉച്ച 1 മണിക്ക് മുമ്പ് എംബസിയിലേക്ക് നടന്നുവന്ന സൈനികൻ, വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ട്വിച്ചിൽ ലൈവ് നൽകിയാണ് തീകൊളുത്തിയത്. ഫലസ്തീൻ ജനതയ്‌ക്കെതിരായ വംശഹത്യക്കെതിരെ താൻ കടുത്ത പ്രതിഷേധത്തിൽ ഏർപ്പെടാൻ പോകുകയാണെന്ന് ഇദ്ദേഹം വിളിച്ചു പറയുന്നുണ്ടാായിരുന്നു.
‘ഗസ്സയിലെ വംശഹത്യയിൽ എനിക്ക് പങ്കില്ല’ എന്ന് സ്വയം തീകൊളുത്തുന്നതിന് മുമ്പ് ബുഷ്നെൽ പറഞ്ഞു. കുപ്പിയിൽനിന്ന് ദ്രാവകം തലയിൽ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഒരു മിനിറ്റോളം തീ ആളിക്കത്തി നിലത്ത് വീണു. തീയണച്ച് ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരണപ്പെടുകയായിരുന്നു.
ഡ്യൂട്ടിയിലുള്ള നാവികനാണ് ജീവനൊടുക്കിയതെന്ന് നാവിക സേന വക്താവ് സ്ഥിരീകരിച്ചു. യു.എസ് രഹസ്യാന്വേഷണ ഏജൻസി ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി. പൊലീസും സംഭവം അന്വേഷിക്കുന്നുണ്ട്.