ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിൽ ലഭിച്ചത് ഹൃദ്യമായ സ്വീകരണം. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും ചേർന്നാണ് പ്രധാനമന്ത്രിയെ വൈറ്റ് ഹൗസിൽ സ്വീകരിച്ചത്.
പ്രത്യേക അത്താഴ വിരുന്നിനായി വൈറ്റ് ഹൗസിൽ എത്തിയ പ്രധാനമന്ത്രിക്ക് 20 നൂറ്റാണ്ടിലെ അമേരിക്കൻ ബുക് ഗാലറി, വിന്റേജ് അമേരിക്കൻ ക്യാമറ, വന്യജീവി ചിത്രങ്ങളടങ്ങിയ പുസ്തകം, റോബർട് ഫ്രോസ്റ്റിന്റെ കവിതാ സമാഹാരത്തിന്റെ ആദ്യ എഡിഷനിലെ കോപ്പി എന്നിവ ബൈഡൻ സമ്മാനിച്ചു. ഇരു നേതാക്കൻമാരുടെയും സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു വെറ്റ് ഹൗസിലെ നിമിഷങ്ങൾ. ഇരുനേതാക്കൻമാരുടെയും സൗഹൃദത്തെ പ്രശംസിക്കുന്ന വാർത്തകളാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളിൽ നിറയുന്നത്.
പ്രഥമ വനിത ജിൽ ബൈഡന്റെ മേൽനോട്ടത്തിൽ നിന കുർട്ടിസ് എന്ന പ്രത്യേക ഷെഫാണ് പ്രധാനമന്ത്രിക്കായി വിഭവങ്ങൾ തയാറാക്കിയത്. സന്ദർശനം പ്രമാണിച്ച് താമരയും മയിൽച്ചിത്രങ്ങളും കൊണ്ട് വൈറ്റ്ഹൗസ് അലങ്കരിച്ചിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഗീത പരിപാടിയും വൈറ്റ് ഹൗസിൽ സംഘടിപ്പിച്ചിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര, പ്രോട്ടോക്കോൾ ഡെപ്യൂട്ടി ചീഫ് അസീം വോഹ്റ എന്നിവരും വൈറ്റ് ഹൗസിൽ നരേന്ദ്രമോദിക്കൊപ്പമുണ്ടായിരുന്നു.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി യുഎസിൽ എത്തിയത്. 24 വരെയാണ് സന്ദർശനം. വാഷിങ്ടണിലെ ആൻഡ്രൂസ് എയർഫോഴ്‌സ് ബേസിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിക്ക് ഇന്ത്യൻ സമൂഹം വൻ സ്വീകരണമാണ് നൽകിയത്. ഐക്യരാഷ്‌ട്ര സംഘടനയുടെ ന്യൂയോർക്ക് ആസ്ഥാനത്ത് രാജ്യാന്തര യോഗാദിനാചരണത്തിനും പ്രധാനമന്ത്രി നേതൃത്വം നൽകി. പ്രധാനമന്ത്രിയുടെ വൈറ്റ് ഹൗസ് സന്ദർശനത്തിന് മുമ്പ്, അപ്ലൈഡ് മെറ്റീരിയൽസ് പ്രസിഡന്റും സിഇഒയുമായ ഗാരി ഇ ഡിക്കേഴ്‌സൺ, മൈക്രോൺ ടെക്‌നോളജി പ്രസിഡന്റ് സഞ്ജയ് മെഹ്രോത്ര, ജനറൽ ഇലക്റ്റിക് ചെയർമാനും സിഇഒയുമായ എച്ച് ലോറൻസ് കൽപ് ജൂനിയർ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രി അടുത്തദിവസം യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും.