ടെല്‍ അവീവ്: ബന്ദികളാക്കിയ ഇസ്രായേല്‍ പൗരന്മാരെ തേടി അമേരിക്കയുടെ ആയുധ രഹിത ഡ്രോണുകള്‍ ഗാസയ്ക്ക് മേല്‍ ്പറക്കുന്നതായി പെന്റഗണ്‍. ഹമാസിന്റെ ഇസ്രായേല്‍ ആക്രമണത്തിന് ശേഷമാണ് ഡ്രോണുകള്‍ പറക്കാന്‍ തുടങ്ങിയതെന്നാണ് പെന്റഗണ്‍ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ പാറ്റ് റൈഡര്‍ പറഞ്ഞത്.
ഡ്രോണുകളെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ ആദ്യമായാണ് അമേരിക്ക നടത്തുന്നത്. ഗാസയുടെ മുകളില്‍ നിരീക്ഷണ ഡ്രോണുകള്‍ പറത്തി ദൃശ്യങ്ങള്‍ ശേഖരിക്കുന്നുണ്ട്.
ഹമാസിന്റെ 241 ബന്ദികളില്‍ പത്തോളം പേര്‍ തങ്ങളുടെ പൗരന്മാരാണെന്നാണ് അമേരിക്ക പറയുന്നത്. ഇവരെയെല്ലാം ഹമാസിന്റെ വിപുലമായ തുരങ്ക ശൃംഖലയില്‍ തടവിലാക്കിയിരിക്കുകയാണെന്ന് മോചിതരായ ബന്ദികള്‍ വ്യക്തമാക്കിയിരുന്നു.
ബന്ദികളെത്തേടിയുള്ള ഇസ്രായേല്‍ കരയുദ്ധത്തിന് ആവശ്യമായ സഹായവും അമേരിക്ക നല്‍കുന്നുണ്ട്. ഗാസക്കെതിരായ യുദ്ധത്തിലെ അമേരിക്കന്‍ പങ്കാളിത്തം വിപുലമാണെന്നതിന്റെ സൂചനയാണിതെന്ന് വിദഗ്ധര്‍ കരുതുന്നു.