വാഷിങ്ടൺ: ഇന്ത്യൻ വ്യോമസേനക്കുവേണ്ടി യുദ്ധവിമാനങ്ങൾ സംയുക്തമായി നിർമിക്കാനുള്ള ഇന്ത്യ-യുഎസ് കരാർ വിപ്ലവകരമാണെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ. ഇന്ത്യയുമായി സഹകരിച്ച് ഒരു കവചിത വാഹനവും നിർമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുമായി അമേരിക്കക്ക് മികച്ച ബന്ധമുണ്ടെന്നും ബുധനാഴ്ച ഹൗസ് അപ്രോപ്രിയേഷൻസ് സബ്കമ്മിറ്റിയെ ഓസ്റ്റിൻ അറിയിച്ചു.
കഴിഞ്ഞ ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ് സന്ദർശനത്തിനിടെയാണ് സുപ്രധാനമായ കരാർ പ്രഖ്യാപിച്ചത്. യുദ്ധ വിമാനമായ തേജസ് എം.കെ 2നുവേണ്ടി ജി.ഇ എയ്‌റോസ്‌പേസിന്റെ എഫ്-414 എൻജിനുകൾ ഇരു കമ്പനികളും ചേർന്ന് ഇന്ത്യയിൽ നിർമിക്കുമെന്നാണ് കരാർ.