ദില്ലി: ബജറ്റ് സമ്മേളനത്തിലെ അഭിസംബോധന വായിച്ച് പാവം സ്ത്രീ തളർന്നെന്ന രാഷ്ട്രപതിയുടെ പ്രസംഗത്തോടുള്ള സോണിയ ഗാന്ധിയുടെ പ്രതികരണം വൻവിവാദത്തിൽ. കടുത്ത അതൃപ്തിയറിയിച്ച് വാർത്താ കുറിപ്പിറക്കിയ രാഷ്ട്രപതി ഭവൻ അന്തസിനെ മുറിവേൽപിച്ചുവെന്ന് അപലപിച്ചു. രാഷ്ട്രപതിയേയും രാജ്യത്തെ ആദിവാസി സമൂഹത്തെയും കോൺഗ്രസിലെ രാജകുടുംബം അപമാനിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തി. രാഷ്ട്രപതിയോട് എക്കാലവും ബഹുമാനമേയുള്ളൂവെന്നും സോണിയ ഗാന്ധിയുടെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടെന്നും പ്രിയങ്ക ഗാന്ധി പ്രതിരോധം പറഞ്ഞു.
ഒരു മണിക്കൂറിലേറെ നീണ്ട രാഷ്ട്രപതിയുടെ അഭിസംബോധനയോടുള്ള സോണിയ ഗാന്ധിയുടെ ഈ പരമാർശമാണ് വൻ വിവാദമായിരിക്കുന്നത്. പാവം സ്ത്രീ. പ്രസിഡന്റ് വായിച്ച് തളർന്നു. ഒടുവിൽ സംസാരിക്കാൻ നന്നേ ബുദ്ധി മുട്ടി. പാവം. പിന്നാലെ കടുത്ത അതൃപ്തിയുമായി രാഷ്ട്പതി ഭവന്റെ വാർത്താ കുറിപ്പ് എത്തി. രാഷ്ട്രപതി ഭവന്റെ അന്തസിന് മുറിവേൽപിക്കുന്ന വാക്കുകളാണ്. പ്രസംഗത്തിലെവിടെയും തളർച്ച തോന്നിയിട്ടില്ല. സമൂഹത്തിന് വേണ്ടി സംസാരിക്കുമ്പോൾ തളർച്ച തോന്നില്ല. പ്രതികരണം ഒഴിവാക്കമായിരുന്നുവെന്നും അസാധാരണ നടപടിയിൽ രാഷ്ട്രപതി ഭവൻ പ്രതികരിച്ചു. പ്രധാനമന്ത്രിയുൾപ്പെടെയുള്ള നേതാക്കൾ വൻ വിവാദമാക്കി. ആദിവാസികളോടുള്ള അവജ്ഞയാണ് സോണിയ ഗാന്ധിയുടെ വാക്കുകളിൽ പ്രതിഫലിച്ചതെന്ന് കുറ്റപ്പെടുത്തി. സോണിയ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. സോണിയക്കൊപ്പം നിന്ന് പ്രസംഗം മടുപ്പുണ്ടാക്കുന്നതാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞതതും ചൂണ്ടിക്കാട്ടി കോൺഗ്രസിന്റെ രാജ കുടുംബം രാജ്യത്തെ അപമാനിച്ചെന്ന് ആരോപിച്ചു.