പി പി ചെറിയാൻ
ഡാളസ്: നോർത്ത് അമേരിക്ക ഭദ്രാസനത്തിൽ നിന്നുള്ള റവ. സജു സി. പാപ്പച്ചൻ (ന്യൂയോർക് സെന്റ് തോമസ് മാർത്തോമാ ചർച്ച) ഉൾപ്പെടെ മൂന്നുപേരെ മാർത്തോമാ എപ്പിസ്കോപ്പൽ സ്ഥാനത്തേക്കു നാമനിർദേശം ചെയ്തു. സഭാ സെക്രട്ടറി റവ. സി. വി. സിമോൺ പുറത്തിറക്കിയ പ്രസ്താവനയിലാണ് നാമനിർദ്ദേശത്തെ പറ്റി പറഞ്ഞിട്ടുള്ളത്. റവ.ഡോ.ജോസഫ് ഡാനിയേൽ, റവ. മാത്യു കെ. ചാണ്ടി എന്നിവരാണ് മറ്റു രണ്ടു നോമിനികൾ.
മാർത്തോമ്മാ സഭയ്ക്ക് പുതിയ നാല് ബിഷപ്പുമാരെ വാഴിക്കണം എന്ന് ഇപ്പോഴത്തെ സഭാ കൗൺസിൽ മുന്നോട്ട് വച്ച നിർദ്ദേശം സഭാ പ്രതിനിധി മണ്ഡലം പൂർണ്ണമായും അംഗീകരിച്ചിരുന്നു . അതിന്റെ തുടർച്ചയായി മെത്രാപ്പോലീത്താ, സഭാ സെക്രട്ടറി, സിനഡ് പ്രതിനിധി, മറ്റു തിരഞ്ഞെടുക്കപ്പെട്ടവരടക്കം 25 പേരടങ്ങുന്ന എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡ് നിലവിൽ വന്നു. 2016ൽ നാല് ബിഷപ്പുമാരെ തിരഞ്ഞെടുക്കാൻ തീരുമാനിച്ച പ്രകാരം നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാല് പേരുടെ ലിസ്റ്റ് തയ്യാറാക്കി സഭാപ്രതിനിധി മണ്ഡലത്തിൽ വോട്ടെടുപ്പിന് എത്തിച്ചുവെങ്കിലും അവർക്ക് വൈദികരുടെയും, ആത്മായരുടെയും 75% വോട്ട് എന്ന നിയമാനുസൃത കടമ്പ കടക്കാൻ കഴിഞ്ഞില്ല.
ഇപ്പോൾ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത മുൻകൈയെടുത്ത് എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡിന്റെ നടപടികൾക്ക് കൃത്യമായ സമയക്രമം വിഭാവനം ചെയ്യുകയും നോമിനേഷൻ ബോർഡ് അത് സമയബന്ധിതമായി നടപ്പിലാക്കുകയും ചെയ്യുകയാണുണ്ടായത്.
നോമിനേഷൻ ബോർഡ് നിലവിൽ വന്ന് ആറ് മാസത്തിനുള്ളിൽ തന്നെ ഭരണഘടന 16 മുതൽ 19 വരെയുള്ള വകുപ്പുകൾ പ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിച്ചു. യോഗ്യരായി കണ്ടെത്തിയ മൂന്ന് ബിഷപ്പ് നോമിനികളുടെ ലിസ്റ്റ് സഭാ ജനങ്ങളുടെ വിലയിരുത്തലിനും പരിഗണനയ്ക്കുമായി സമർപ്പിച്ചിട്ടുണ്ട്. ഇപ്പോഴത്തെ മണ്ഡലത്തിന്റെ കാലാവധി പൂർത്തിയാകുന്ന മാർച്ച് 31 ന് മുൻപ് തന്നെ ഭരണഘടന വകുപ്പ് 20 പ്രകാരമുള്ള നടപടിക്രമങ്ങൾ കൂടി പൂർത്തീകരിച്ച് സഭാ പ്രതിനിധി മണ്ഡലത്തിൽ വോട്ടിംഗിന് സമർപ്പിക്കുവാൻ സാധിച്ചേക്കും.
ബിഷപ്പ് നോമിനികളായി ലഭിച്ച 16 പേരിൽ നിന്നാണ് 3 പേരെ തിരഞ്ഞെടുത്തത്. വിവിധ ഘട്ടങ്ങളായി നടത്തിയ വിലയിരുത്തലുകളുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് റവ.ഡോ.ജോസഫ് ഡാനിയേൽ, റവ. സജു സി. പാപ്പച്ചൻ, റവ. മാത്യു കെ. ചാണ്ടി എന്നിവരെ തിരഞ്ഞെടുത്തത്.