കെ പി സി സി പ്രസിഡെന്റ് കെ സുധാകരനെ അറസ്ററ് ചെയ്ത പിണറായി സർക്കാരിന്റെ നടപടിയിൽ ഒഐസിസി കാനഡ നാഷണൽ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. ഓൺലൈൻ പ്ലാറ്റ്ഫോം ആയ സൂമിൽ സംഘടിപ്പിച്ച അടിയന്തിര യോഗത്തിൽ നാഷണൽ പ്രസിഡന്റ് പ്രിൻസ് കാലായിൽ അധ്യക്ഷത വഹിച്ചു. സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ പോലീസ് നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി കൊണ്ടുള്ള പ്രമേയം നാഷണൽ ജനറൽ സെക്രട്ടറി വിജേഷ് ജെയിംസ് അവതരിപ്പിച്ചു.
അഴിമതിയിലും കെടുകാര്യസ്ഥതയിലും സ്വജനപക്ഷപാതത്തിലും മുഖം നഷ്ടപ്പെട്ട സർക്കാരും പാർട്ടിയും ജനശ്രദ്ധ തിരിക്കാനുള്ള ഗൂഢാലോചനയുടെയും തന്ത്രത്തിന്റെയും ഭാഗമായി നടത്തുന്ന ഈ നാടകങ്ങളൊക്കെ ജനാധിപത്യത്തിന് വലിയ അപചയം ഉണ്ടാക്കുന്നതും കേരളചരിത്രത്തിൽ അസാധാരണവുമാണെന്നും യോഗം വിലയിരുത്തി. ഭീഷണി കൊണ്ടും കള്ളക്കേസുകൊണ്ടും ജനാധിപത്യത്തെയും പ്രതിപക്ഷത്തെയും നിശബ്ദമാക്കാമെന്നുള്ളത് സർക്കാരിന്റെ വെറും വ്യാമോഹം മാത്രമാണ്. കേരളത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ദിനമായി കാലം ഇതിനെ വിലയിരുത്തും. സർക്കാരിന്റെ ഭരണകൂട ഭീകരതയും ജനവിരുദ്ധ നിലപാടുകളും പൊതുജന മധ്യത്തിൽ തുറന്നു കാട്ടുക എന്ന പ്രതിപക്ഷ ഉത്തരവാദിത്തത്തെ അടിച്ചമർത്താൻ നോക്കിയാൽ വലിയ വില കൊടുക്കേണ്ടി വരും. കോൺഗ്രസ് പ്രസ്ഥാനത്തിനും കെ പി സി സി പ്രെസിഡന്റിനും യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. യോഗത്തിൽ പ്രതിഷേധ സൂചകമായി മെഴുകുതിരി കത്തിച്ചു പ്രതിഷേധ ജ്വാല തീർത്തു.
ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്തു ശങ്കരപ്പിള്ളയുടെ ആഹ്വാനം അനുസരിച്ചു പ്രൊവിൻസ് കമ്മിറ്റികളുടെയും ചാപ്റ്ററുകളുടെയും നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. യോഗത്തിൽ വൈസ് പ്രസിഡന്റുമാരായ റോബിൻ തോമസ്, ജോബു ജോസഫ്, ട്രെഷറർ പോൾസൺ പുന്നക്കൽ, ജനറൽ കോഡിനേറ്റർ ജോയി ചാക്കോ, ഒ ഐ സി സി നേതാക്കളായ സിജു തോമസ്, നോബിൾ കൊറ്റം, ജോമോൻ കുര്യൻ, ഡെന്നി, ജയേഷ് ഓണശ്ശേരിൽ, ജിബു ജോൺ, ജിജോ ജോർജ്, എൽദോസ് എലിയാസ്, അൽജിൻ വർഗ്ഗീസ്, സ്വാലിഗ് സിദ്ദിഖ്, എൽദോ പോൾ, സച്ചു, ബെന്യാമിൻ എന്നിവർ സംസാരിച്ചു.