പി.പി.ചെറിയാൻ
പ്ലാനോ (ടെക്സസ്) : പ്ലാനോ സിറ്റി ഉൾപ്പെടെ നോർത്ത് ടെക്സസിലെ വിവിധ സിറ്റികളിലെ ഏഷ്യൻ വംശജരുടെ വീടുകളിൽ കവർച്ച നടത്തിവന്നിരുന്ന മൂവർ സംഘത്തെ പ്ലാനോ പൊലീസ് അറസ്റ്റു ചെയ്തു. ഒസെ ഗൊൺസാലസ്, മെൽബ ഗെയ്റ്റൻ, ലിബർസൊ സൊറട്ടാ എന്നിവരാണ് അറസ്റ്റിലായവർ. മൂന്നുപേരും കൊളംബിയയിൽ നിന്നുള്ളവരാണ്.
കഴിഞ്ഞ വർഷം പ്ലാനോയിൽ മാത്രം പന്ത്രണ്ടു ഏഷ്യൻ വംശജരുടെ, പ്രത്യേകിച്ച് ഇന്ത്യക്കാരുടെ വീടുകളിൽ കവർച്ച നടത്തിയ ഇവർ വില പിടിപ്പുള്ള ആഭരണങ്ങള്‍, സ്വർണ്ണം എന്നിവ കൊണ്ടുപോയിരുന്നു.
നോർത്ത് കാരലൈന, ഫ്ലോറിഡ, ജോർജിയ തുടങ്ങിയ സംസ്ഥാനങ്ങളിലും ഇവർ കവർച്ച നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ഗെയ്‌ട്ടനും സൊറാട്ടോയും ഹൂസ്റ്റണിൽ നിന്നും, ഗൊൺസാലസ് മിയാമിയിൽ നിന്നുമാണ് പിടിയിലായത്. ഇവരുടെ വീടുകളിൽ നിന്നും വിലമതിക്കുന്ന ആഭരണങ്ങളും മറ്റു വിലയേറിയ മോഷണ മുതലുകളും കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.