പി പി ചെറിയാൻ
ന്യൂയോർക്ക്: ബെല്ലറോസ് ഇന്ത്യൻ മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ക്വീൻസിൽ സംഘടിപ്പിച്ച ഇന്ത്യ ഡേ പരേഡ് വർണാഭമായി. ന്യൂയോർക്കിൽ മികച്ച സംഘാടകൻ എന്ന അംഗീകാരം ലഭിച്ചിട്ടുള്ള ഡെൻസിൽ ജോർജ് നേതൃത്വം നൽകി. ക്വീൻസിലുള്ള എല്ലാ കമ്മ്യൂണിറ്റി, അസോസിയേഷൻ അംഗങ്ങളും പരേഡിൽ പങ്കെടുത്തു. ഹിൽസൈഡ് അവന്യൂവിൽ തുടങ്ങിയ പരേഡ് ബെൽ റോസിലുള്ള സെൻറ് ഗ്രിഗോറിയോസ് ചർച്ച് ഓഡിറ്റോറിയത്തിൽ അവസാനിച്ചു. ഫോമാ, ഫൊക്കാന ഉൾപ്പടെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അനേകം ഫ്ലോട്ടുകൾ പരേഡിൽ അണിനിരന്നു.
ബോളിവുഡ് നടി അനുഷ്ക സോണി മുഖ്യാതിഥി ആയ പരേഡിനോട് അനുബന്ധിച്ച് നടന്ന പബ്ലിക് മീറ്റിംഗിൽ ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ്, ന്യൂയോർക് സെനറ്റർ കെവിൻ തോമസ്, നോർത്ത് അസിസ്റ്റഡ് ടൗൺ സൂപ്പർവൈസർ ജനിഫർ ഡിസീനാ ഉൾപ്പടെയുള്ള നേതാക്കൾ ഭാഗമായി. ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് കോശി തോമസ് സ്വാഗതം പറഞ്ഞു. പരേഡ് കമ്മിറ്റി ചെയർമാൻ ഡിൻസിൽ ജോർജ് നന്ദി രേഖപ്പെടുത്തി.
മികവാർന്ന നൃത്ത പരിപാടികളും ഗാനമേളയും പരിപാടിക്ക് മോടി കൂട്ടി. മുത്തുക്കുടകൾ, ഇന്ത്യൻ, അമേരിക്കൻ പതാകകൾ, അമേരിക്കൻ ബാൻഡ്, പഞ്ചാബി മേളം, കേരള ചെണ്ടമേളം എന്നിവ അണിനിരന്ന പരേഡ് വളരെ വർണ്ണശബളമായി മാറി.