പി പി ചെറിയാൻ
വാഷിംഗ്‌ടൺ ഡിസി: ഇന്ത്യൻ അമേരിക്കൻ ഇക്കണോമിസ്റ്റും യു എസ് പ്രതിരോധ വകുപ്പിലെ അഡ്മിനിസ്ട്രേഷൻ ആൻഡ് മാനേജ്‌മെന്റ് ആക്ടിംഗ് ഡെപ്യൂട്ടി അണ്ടർസെക്രട്ടറിയുമായിരുന്ന രാധ അയ്യങ്കാർ പ്ലംബ്നെ ഡിഒഡിയുടെ ഡെപ്യൂട്ടി അണ്ടർസെക്രട്ടറിയായി യുഎസ് സെനറ്റ് സ്ഥിരീകരിച്ചു. 68-30 വോട്ടുകൾക്കാണ് രാധ അയ്യങ്കാർ പ്ലംബിനെ യുഎസ് സെനറ്റ് സ്ഥിരീകരിച്ചത്. പ്രസിഡന്റ് ജോ ബൈഡൻ 2022 ജൂണിലായിരുന്നു പ്ലംബിനെ ഈ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തത്.
പ്ലംബ് മുമ്പ് പ്രതിരോധ ഡെപ്യൂട്ടി സെക്രട്ടറിയുടെ ചീഫ് ഓഫ് സ്റ്റാഫ് ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാങ്കേതിക ഗവേഷണം, ഡാറ്റാ സയൻസ്, ബിസിനസ് അനലിറ്റിക്‌സ് എന്നിവയുടെ ടീം ഡയറക്ടറായിരുന്നു.
വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ, ഡിഒഡി, ഡിപ്പാർട്ട്‌മെന്റ് ഓഫ് എനർജി എന്നിവയിൽ സീനിയർ സ്റ്റാഫ് സ്ഥാനങ്ങൾ വഹിച്ച പ്ലംബ് RAND കോർപ്പറേഷനിലെ മുതിർന്ന സാമ്പത്തിക വിദഗ്ധയും ഫേസ്ബുക്കിലെ പോളിസി വിശകലനത്തിന്റെ ആഗോള അധ്യക്ഷയും ആയിരുന്നു. മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും ബിരുദവും പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്നും (എംഎസ്), (പിഎച്ച്ഡി) യും കരസ്ഥമാക്കിയിട്ടുണ്ട്.