ന്യുയോർക്ക്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അമേരിക്കൻ സന്ദർശനത്തിന് തുടക്കമായി. ഇന്ത്യൻ സമയം ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് രാഹുൽ അമേരിക്കയിലെത്തിയത്. പത്ത് ദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ അമേരിക്കയില്‍ എത്തിയിരിക്കുന്നത്. വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന രാഹുല്‍ യു എസിലെ ഇന്ത്യക്കാരുമായും സംവദിക്കുകയും ചെയ്യും. ആദ്യദിനം സാൻഫ്രാന്‍സിസ്കോയിലെ വിദ്യാര്‍ത്ഥികളുമായാണ് രാഹുല്‍ സംവദിക്കുക. പത്ത് ദിവസത്തെ സന്ദർശനത്തിനിടെ രാഹുല്‍ വാർത്തസമ്മേളനവും നടത്തും.
ബ്രിട്ടൻ സന്ദർശനത്തിനിടെ രാഹുല്‍ഗാന്ധി കേന്ദ്ര സർക്കാരിനെ വിമർശിച്ചത് ബി ജെ പി വലിയ വിവാദമാക്കിയിരുന്നു. എം പി സ്ഥാനം നഷ്ടമായതിന് പിന്നാലെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് നഷ്ടമായ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞ ദിവസമാണ് സാധാരണ പാസ്പോർട്ട് ലഭിച്ചത്. ദില്ലി കോടതി ‘നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്’ നൽകിയതോടെയാണ് രാഹുലിന് പാസ്പോർട്ട് ലഭിച്ചത്. മൂന്ന് വർഷത്തേക്കാണ് ദില്ലി കോടതി എൻ ഒ സി നൽകിയിട്ടുള്ളത്.
അതേസമയം കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ വിജയം മധ്യപ്രദേശിലും ആവർത്തിക്കുമെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മധ്യപ്രദേശിലെ 230 നിയമസഭാ മണ്ഡലങ്ങളിൽ 150 ലും കോൺഗ്രസ് വിജയം നേടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മധ്യപ്രദേശിന്റെ ഭാവി സുരക്ഷിതമാക്കുകയാണ് ലക്ഷ്യമെന്ന് മുൻ മുഖ്യമന്ത്രി കമൽനാഥും വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ ജനങ്ങൾക്കായി നടപ്പിലാക്കുന്നത് ഒരോന്നായി പ്രഖ്യാപിക്കുമെന്ന് പറഞ്ഞ അദ്ദേഹം നാലര മാസം കഴിഞ്ഞാണ് തെരഞ്ഞെടുപ്പെന്നും അതിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞുവെന്നും വ്യക്തമാക്കി.