കലിഫോർണിയ: ബിജെപിക്കെതിരായ പോരാട്ടത്തിൽ പ്രതിപക്ഷ കക്ഷികൾ വിദേശരാജ്യങ്ങളുടെ പിന്തുണ തേടുകയാണെന്ന ആരോപണം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നിഷേധിച്ചു. പ്രതിപക്ഷത്തിന്റെ പോരാട്ടം അവരുടേതു മാത്രമാണെന്നും മറ്റുള്ളവരുടെ പിന്തുണ ആവശ്യമില്ലെന്നും യുഎസിൽ കലിഫോർണിയയിലെ ‘ സ്റ്റാൻഫഡ് സർവകലാശാലയിൽ വിദ്യാർഥികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ രാഹുൽ വ്യക്തമാക്കി.
‘വിദേശരാജ്യങ്ങളുടെ പിന്തുണ തേടുകയാണെന്നത് ബിജെപിയുടെ പ്രചാരണമാണ്. ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്. അവരുമായി ബന്ധം പുലർത്തുക എന്റെ അവകാശമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി എന്തുകൊണ്ടാണ് ഇവിടേക്കു വരാത്തത്? ചോദ്യങ്ങൾ നേരിടാൻ അദ്ദേഹം തയാറാകാത്തത് എന്തുകൊണ്ടാണെന്നും എനിക്കു മനസ്സിലാവുന്നില്ല.
2004 ൽ രാഷ്ട്രീയത്തിലിറങ്ങിയപ്പോൾ ഒരുനാൾ എന്നെ പാർലമെന്റിൽനിന്ന് അയോഗ്യനാക്കുമെന്ന് ഒരിക്കലും കരുതിയില്ല. അപകീർത്തിക്കേസിൽ പരമാവധി ശിക്ഷ നൽകി അയോഗ്യനാക്കപ്പെടുന്ന ആദ്യത്തെയാളാണു ഞാൻ. പക്ഷേ, പാർലമെന്റിൽ ലഭിക്കുമായിരുന്നതിനെക്കാൾ വലിയ അവസരമാണ് അയോഗ്യത എനിക്കു നൽകിയിരിക്കുന്നത്’– രാഹുൽ പറഞ്ഞു. പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തുന്നതിനെക്കുറിച്ചും രാഹുൽ പരാമർശിച്ചു. ഫോൺ ഉയർത്തിക്കാട്ടി അദ്ദേഹം പറഞ്ഞു– ‘ഹലോ മിസ്റ്റർ മോദി, എന്റെ ഐ ഫോൺ ചോർത്തുന്നുണ്ടെന്നു കരുതുന്നു. വ്യക്തിവിവരങ്ങൾ സുരക്ഷിതമാക്കാനുള്ള ചട്ടങ്ങൾക്കു താങ്കൾ രൂപം നൽകണം’.
സ്നേഹത്തിന്റെ സന്ദേശം പരത്തുകയാണു ലക്ഷ്യമെന്ന രാഹുലിന്റെ അവകാശവാദം തെറ്റാണെന്നും മോദിയുടെ കീഴിൽ ഇന്ത്യ കൈവരിച്ച വളർച്ചയ്ക്കെതിരെ വിദ്വേഷം പരത്താനാണു ശ്രമമെന്നും ബിജെപി എംപി രവിശങ്കർ പ്രസാദ് ആരോപിച്ചു.