ടൊറന്‍റോ: കാനഡയിലെ ടൊറന്‍റോയിൽ മഴ നികുതി (Rain Tax) ഏർപ്പെടുത്താനുള്ള തീരുമാനം വിവാദമായി. മഴവെള്ളം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനാണ് പുതിയ നികുതി ഏർപ്പെടുത്തുന്നത്. ഈ നികുതി ഏപ്രിലിൽ നടപ്പാക്കുമെന്ന് ടൊറന്‍റോയിലെ മുനിസിപ്പൽ അധികൃതർ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചിട്ടുണ്ട്. പദ്ധതിക്കെതിരെ കനത്ത പ്രതിഷേധവും ഉയരുന്നുണ്ട്.
മഴവെള്ളം കൈകാര്യം ചെയ്യാനാണ് ‘മഴ നികുതി’ എന്ന് വിളിക്കപ്പെടുന്ന ‘സ്റ്റോംവാട്ടർ ചാർജ് ആൻഡ് വാട്ടർ സർവീസ് ചാർജ് കൺസൽറ്റേഷൻ’ പദ്ധതി ആരംഭിക്കുക. ഇതിലൂടെ സ്റ്റോംവാട്ടർ ചാർജ്, സ്റ്റോംവാട്ടർ ചാർജ് ക്രെഡിറ്റ്, വാട്ടർ സർവീസ് ചാർജ് എന്നിവ നടപ്പാക്കും. എല്ലാ പ്രോപ്പർട്ടി ക്ലാസുകളിലും ‘സ്റ്റോം വാട്ടർ ചാർജ്’ നടപ്പിലാക്കാൻ സർക്കാർ പദ്ധതിയിടുന്നു.
മാത്രമല്ല, അഡ്മിനിസ്ട്രേറ്റീവ് വാട്ടർ ചാർജുകൾക്കൊപ്പം വലിയ പ്രോപ്പർട്ടികൾക്കായി സ്റ്റോംവാട്ടർ ചാർജ് ക്രെഡിറ്റുകൾ വാഗ്ദാനം ചെയ്യുന്ന പദ്ധതി തുടങ്ങാനും സർക്കാർ ലക്ഷ്യമിടുന്നത്. മഴയും ഉരുകിയ മഞ്ഞും മൂലമുണ്ടാകുന്ന പ്രശ്‌നം പരിഹരിക്കാനാണ് സ്റ്റോംവാട്ടർ ചാർജ് ലക്ഷ്യമിടുന്നത്. മഴവെള്ളവും മഞ്ഞുരുകിയ വെള്ളവും ഭൂമയിലേക്കു താഴാത്തപ്പോൾ നഗരത്തിലെ മലിനജല സംവിധാനത്തിന് ഭീഷണിയാകും. ഇതിലൂടെ വെള്ളപ്പൊക്കവും ജല ഗുണനിലവാര പ്രശ്‌നങ്ങളും ഉണ്ടാകുന്നുണ്ട്.