വാഷിംഗ്ടൺ ഡിസി: യുഎസ് പ്രതിരോധവകുപ്പിലെ വ്യോമസേനാകാര്യ അസിസ്റ്റൻഡ് സെക്രട്ടറിയായി ഇന്ത്യൻ വംശജനായ രവി ചൗധരി നിയമിതനായി. സെനറ്റിൽ നടന്ന വോട്ടെടുപ്പിൽ 29-നെതിരേ 65 വോട്ടുകൾക്കാണ് നിയമനം അംഗീകരിക്കപ്പെട്ടത്. യുഎസ് പ്രതിരോധവകുപ്പായ പെന്റഗണിലെ ഏറ്റവും ഉയർന്ന സിവിലിയൻ പോസ്റ്റുകളിൽ ഒന്നാണിത്.
വ്യോമസേനയിൽ പൈലറ്റും ഫ്ലൈറ്റ് ടെസ്റ്റ് എൻജിനീയറുമായിരുന്നു ചൗധരി. സി-17- ചരക്കുവിമാനത്തിന്റെ പൈലറ്റ് എന്ന നിലയിൽ അഫ്ഗാനിസ്ഥാനിലും ഇറാക്കിലും ഒട്ടേറെ ദൗത്യങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. വ്യോമസേനാ ഉപകരണങ്ങൾക്കു സർട്ടിഫിക്കറ്റ് നല്കുന്ന ചുമതലയും വഹിച്ചിരുന്നു. നാസയ്ക്കുവേണ്ടി അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷന്റെയും ബഹിരാകാശ സഞ്ചാരികളുടെയും സുരക്ഷയ്ക്കുള്ള നടപടികളിലും പങ്കെടുത്തിട്ടുണ്ട്.