ടെക്സസ്: മലയാള ഭാഷയെ ഹൃദയത്തോടു ചേർത്ത ഓസ്റ്റിന്‍ യൂണിവേഴ്സിറ്റിയിലെ ഏഷ്യന്‍ ലിംഗ്വസ്റ്റിക്സ് മുന്‍ ഡയറക്ടറും ചരിത്രകാരനുമായ പ്രഫസര്‍ റോഡ്നി മോഗ് (87) അന്തരിച്ചു. ഓസ്റ്റിനിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസില്‍ മലയാളം വിഭാഗം ആരംഭിക്കുന്നതിന് മുൻകൈ എടുത്തത് പ്രഫ. മോഗാണ്.മലയാള ഭാഷ കൃത്യമായി പഠിക്കുകയും മലയാളം കൃതികൾ പ്രചരിപ്പിക്കുകയും ചെയ്തു. മലയാളപഠനത്തിന്റെ ഭാഗമായി തിരുവനന്തപുരം മുതൽ കണ്ണൂർ വരെ വിവിധയിടങ്ങളിൽ താമസിച്ചിട്ടുണ്ട് പ്രഫ. മോഗ്. നന്നായി മലയാളം സംസാരിക്കുകയും ചെയ്തിരുന്നു.
സംസ്കൃതത്തിലും ഹിന്ദിയിലുമടക്കം ഡോക്ടറേറ്റും നേടി. യൂണിവേഴ്സിറ്റി ഓഫ് ടെക്സസിൽ മലയാളം സിലബസിൽ നാടോടിക്കാറ്റിന്റെയും ബാലേട്ടന്റെയും തിരക്കഥ ഉൾപ്പെടുത്തിയതും ഇദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമായിരുന്നു.
ഏതാനും വര്‍ഷങ്ങള്‍ ഫിജി യൂണിവേഴ്സിറ്റിയില്‍ ഹിന്ദി അധ്യാപകനായിരുന്നു. മലയാളം, തമിഴ്, ഹിന്ദി ഉള്‍പ്പെടെ 13 ഭാഷകള്‍ അദേഹത്തിന് അനായാസം കൈകാര്യം ചെയ്യുവാന്‍ കഴിഞ്ഞിരുന്നു. കെന്‍റക്കി ബ്ളൂഗ്രാസ് സംഗീതത്തിന്‍റെ ടെക്സസ് ശൈലിയുടെ ഉപജ്ഞാതാവായിരുന്ന മോഗ് മാന്‍ഡറിന്‍ ഉള്‍പ്പെടെ വിവിധ സംഗീത ഉപകരണങ്ങളില്‍ വിദഗ്ധനായിരുന്നു.
മൂന്നാം വയസ്സിൽ കാഴ്ച സമ്പൂര്‍ണ്ണമായി നഷ്ടമായ മോഗ് ടെക്സസിലെ കൂപ്പ് 91.7 എഫ് എം റേഡിയോ സ്ഥാപകനാണ്. അമേരിക്കൻ മലയാളികൾക്കിടയിൽ സവിശേഷമായ സാന്നിധ്യം കൂടിയായിരുന്നു ഇദ്ദേഹം.