വാഷിങ്ടണ്‍: ബഹിരാകാശ നിലയത്തില്‍ മാസങ്ങളായി കഴിയുന്ന സുനിതാ വില്യംസിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിക്കുന്നതിനിടയില്‍ ആശ്വാസകരമായ വാര്‍ത്തയുമായി നാസ. സുനിതയുടെ ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ലെന്ന് നാസയുടെ ബഹിരാകാശ ഓപ്പറേഷന്‍സ് മിഷന്‍ ഡയറക്ടറേറ്റ് വക്താവ് ജിമി റുസ്സെല്‍ പറഞ്ഞു.
ബഹിരാകാശ നിലയത്തിലെ എല്ലാ നാസ ബഹിരാകാശ യാത്രികരുടെയും പതിവ് മെഡിക്കല്‍ പരിശോധനകള്‍ നടത്താറുണ്ടെന്നും ഫ്‌ളൈറ്റ് സര്‍ജന്‍മാര്‍ അവരെ നിരീക്ഷിക്കാറുണ്ടെന്നും അദ്ദേഹം ഡെയ്‌ലി മെയിലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. എല്ലാവരുടെയും ആരോഗ്യം തൃപ്തികരമാണെന്ന് ജിമി കൂട്ടിച്ചേര്‍ത്തു.
ബഹിരാകാശ നിലയത്തിലെ താമസത്തെ തുടര്‍ന്ന് സുനിതാ വില്യംസ് ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ നേരിടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ജിമിയുടെ അഭിമുഖം പുറത്ത് വന്നിരിക്കുന്നത്. ബഹിരാകാശ നിലയത്തില്‍ നിന്ന് പുറത്തു വന്ന ദൃശ്യത്തില്‍ സുനിതയുടെ ഭാരം കുറഞ്ഞതായും കാണാം.
സുനിതയ്ക്കും സഹ ബഹിരാകാശ യാത്രികനായ ബുച്ച് വില്‍മറിനും ഫെബ്രുവരിയിലേ തിരിച്ചുവരാനാകുള്ളുവെന്ന് നാസ അറിയിച്ചിരുന്നു.
ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സിന്റെ ക്രൂ-9 വിമാനത്തിലായിരിക്കും ഇരുവരുടെയും മടക്കം. അതിനായി 2025 ഫെബ്രുവരി വരെ ഇരുവര്‍ക്കും രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കാത്തിരിക്കേണ്ടിവരും. ബോയിങ് സ്റ്റാര്‍ലൈനര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് അരികിലെത്തിയപ്പോള്‍ പേടകത്തില്‍നിന്ന് ഹീലിയം വാതകച്ചോര്‍ച്ചയുണ്ടായതാണ് പ്രതിസന്ധിക്ക് കാരണമായത്. ചില യന്ത്രഭാഗങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതിരുന്നത് ദൗത്യം ദുഷ്‌കരമാക്കിയിരുന്നു.