ബീജിങ്: തീരുവ ആയുധമാക്കുന്നത് യു.എസ് നിർത്തണമെന്ന് ചൈന. ചൈനീസ് വാർത്ത ഏജൻസിയാണ് ഇക്കാര്യത്തിലെ സർക്കാറിന്റെ നിലപാട് അറിയിച്ചത്. തീരുവയെ ചൈനീസ് സമ്പദ്വ്യവസ്ഥയേയും വ്യാപാരത്തേയും തകർക്കാനുള്ള ആയുധമാക്കി ഉപയോഗിക്കരുതെന്നും ചൈന ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ഗുവോ ജിയാക്കുൻ ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നു. തീരുവയുണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ച് വിപണി സംസാരിക്കുമെന്നായിരുന്നു വിദേശകാര്യമന്ത്രാലയം വക്താവ് പറഞ്ഞിരുന്നു. യു.എസ് വിപണിയെ തകർച്ചയുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു.
അമേരിക്ക പ്രഖ്യാപിച്ച പകരച്ചുങ്കത്തിന് തിരിച്ചടിയുമായി ചൈന രംഗത്തെത്തിയിരുന്നു. അടുത്ത വ്യാഴാഴ്ച മുതൽ അമേരിക്കൻ ഉൽപന്നങ്ങൾക്ക് 34 ശതമാനം അധിക തീരുവ ചുമത്താനാണ് ചൈനയുടെ തീരുമാനം. കഴിഞ്ഞ ദിവസം ചൈനക്കെതിരെ ട്രംപ് പ്രഖ്യാപിച്ച തീരുവയുടെ അതേ തോതിലാണ് തിരിച്ചടി.
അമേരിക്കൻ ഉൽപന്നങ്ങൾക്ക് ചൈന 67 ശതമാനം തീരുവ ചുമത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം ട്രംപ് 34 ശതമാനം പകരച്ചുങ്കം പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം ചുമത്തിയ 20 ശതമാനം കൂടിയാകുമ്പോൾ തീരുവ 54 ശതമാനമായി.
ഇലക്ട്രോണിക്സ് നിർമാണ രംഗത്ത് അനിവാര്യമായ ഏഴ് അപൂർവ ധാതുക്കളുടെ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്താനും ചൈന തീരുമാനിച്ചു. ചൈനയുടെ ദേശീയ സുരക്ഷക്കും താൽപര്യങ്ങൾക്കും വെല്ലുവിളിയെന്ന് ചൂണ്ടിക്കാട്ടി 16 അമേരിക്കൻ സ്ഥാപനങ്ങളെ കയറ്റുമതി നിയന്ത്രണ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു.