ചൈനീസ് സമൂഹ മാധ്യമ ആപ്പായ ടിക്ടോക് നിരോധിക്കാൻ യു.എസ് തയ്യാറെടുക്കുന്നു. ഇത് സംബന്ധിച്ച ബിൽ അടുത്തമാസം വോട്ടിനിടുമെന്ന് വിദേശ കാര്യ സമിതി വ്യക്തമാക്കി. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ടിക് ടോക് നിരോധിക്കണമെന്ന ആവശ്യം സമിതി പ്രതിനിധിയായ മിഷേൽ മക്കൗളാണ് മുന്നോട്ട് വച്ചത്. യുഎസ് പൗരൻമാരുടെ ഫോണുകളിലേക്കും സ്വകാര്യതയിലേക്കും കടന്നുകയറാനുള്ള ഉപാധിയെന്ന നിലയിൽ ചൈനീസ് സർക്കാർ ടിക് ടോക്കിനെ ഉപയോഗപ്പെടുത്തിയേക്കാമെന്ന ആശങ്കയും ബ്ലൂംബർഗിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പങ്കുവച്ചിരുന്നു. കൗമാരക്കാർക്കിടയിൽ വൻ ഹിറ്റായ ടിക് ടോക് നിരോധിക്കാനുള്ള നീക്കം കോൺഗ്രസിൽ വൻ എതിർപ്പ് ഉയർത്തിയേക്കുമെന്നാണ് കരുതുന്നത്. 60 വോട്ടുകൾ സെനറ്റിൽ ലഭിച്ചാൽ മാത്രമേ ബിൽ പാസാകുകയുള്ളൂ. ബില്ലിനെ കുറിച്ച് കൂടുതൽ പ്രതികരിക്കാൻ വൈറ്റ് ഹൗസ് തയ്യാറായിട്ടില്ല.
അതേസമയം, ടിക് ടോക് നിരോധിക്കാനുള്ള നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണം സെനറ്റംഗങ്ങൾക്കിടയിൽ ഉണ്ട്. സർക്കാർ നൽകിയിരിക്കുന്ന മൊബൈൽ ഉൾപ്പടെയുള്ളവയിൽ ഫെഡറൽ ഉദ്യോഗസ്ഥർ ‘ടിക് ടോക്’ ഡൗൺലോഡ് ചെയ്യുന്നതും ഉപയോഗിക്കുന്നതും തടയുന്ന നിയമത്തിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ മാസം ഒപ്പിട്ടിരുന്നു. യുഎസിലെ 25 സംസ്ഥാനങ്ങളും സർക്കാർ വക ഉപകരണങ്ങളിൽ ടിക് ടോക് ഉപയോഗിക്കുന്നത് വിലക്കി ഉത്തരവിറക്കിയിരുന്നു. യുഎസിലെ വിദേശകാര്യ നിക്ഷേപം സംബന്ധിച്ചുള്ള സർക്കാർ സമിതിയും ‘ടിക് ടോക്’ നിരോധിക്കണമെന്ന് നേരത്തേ ആവശ്യപ്പെട്ടിരുന്നു. യുഎസിലെ ഉപഭോക്തൃ വിവരങ്ങൾ ചൈനീസ് സർക്കാരിന് ലഭിക്കുന്നത് സുരക്ഷാ പ്രശ്നങ്ങൾക്ക് വഴി വച്ചേക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ നിർദേശവും വന്നത്.
യു.എസിൽ ‘ടിക് ടോകി’ന്റെ ഉപയോഗം ഫലപ്രദമായി തടയുന്നതിനായി ഉപഭോക്താക്കൾ പുതിയതായി ഡൗൺലോഡ് ചെയ്യുന്നത് തടയാൻ 2020 ൽ ഡോണൾഡ് ട്രംപ് ശ്രമിച്ചിരുന്നു. എന്നാലിത് വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടി പൗരൻമാർ കോടതിയെ സമീപിച്ചതോടെ നീക്കം ഉപേക്ഷിക്കേണ്ടി വന്നു. ചൈനയുടെയും റഷ്യയുടെയും നിയന്ത്രണത്തിലുള്ള എല്ലാ സമൂഹ മാധ്യമ ആപ്പുകളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് 2021 ഡിസംബറിൽ റിപ്പബ്ലിക്കൻ സെനറ്ററായ മാർകോ റുബിയോ നിയമം കൊണ്ടുവരാൻ ശ്രമിച്ചിരുന്നു.