വാഷിങ്ടണ്‍: അമേരിക്കയിൽ ടിക് ടോക് നിരോധിക്കാന്‍ നീക്കം നടക്കുന്നതിനിടെ യു.എസ് കോണ്‍ഗ്രസിനു പുറത്ത് പ്രതിഷേധം. അമേരിക്ക സുരക്ഷാ ആശങ്ക ഉന്നയിച്ച സാഹചര്യത്തില്‍ ടിക് ടോക് സി.ഇ.ഒ ഷൗ സി ച്യൂ യു.എസ് കോണ്‍ഗ്രസില്‍ ഹാജരായി. യൂസര്‍മാരുടെ ഡാറ്റ കടത്തുന്നുവെന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചു.
ടിക് ടോകിനെ അമേരിക്കയില്‍ നിലനിർത്തണമെങ്കിൽ ബൈറ്റ്ഡാൻസിനെ ഉടമസ്ഥതയിൽ നിന്ന് മാറ്റി അമേരിക്കൻ കമ്പനിയെ കൊണ്ടുവരണമെന്നാണ് അമേരിക്ക ആവശ്യപ്പെടുന്നത്. നിലവിൽ അമേരിക്കയില്‍ ടിക് ടോക്കില്‍ 150 ദശലക്ഷം യൂസർമാരാണുള്ളത്. മറ്റ് സോഷ്യല്‍ മീഡിയകളെ പിന്തള്ളി യു.എസില്‍ ടിക് ടോക്കിന്‍റെ ജനപ്രീതി വര്‍ധിക്കുകയാണ്.
നേരത്തെ സര്‍ക്കാര്‍ ഫോണുകളില്‍ ടിക് ടോക് പാടില്ലെന്ന് ബൈഡന്‍ ഭരണകൂടം നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അമേരിക്കയുടെ ആരോപണങ്ങള്‍ ഷൗ സി ച്യൂ നിഷേധിച്ചു. ടിക് ടോക് സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നുവെന്ന് പറയുന്ന അമേരിക്ക തെളിവുകള്‍ ഹാജരാക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘ടിക് ടോകിനെ നിലനിര്‍ത്തണം, എന്തിനിങ്ങനെ ആശങ്ക പരത്തുന്നു’ എന്ന ചോദ്യവുമായാണ് ടിക് ടോക് യൂസര്‍മാര്‍ പ്രതിഷേധിച്ചത്. ഒരുപാടു പേരുടെ ജീവനോപാധിയാണ്, പലരും സ്വന്തം ഉത്പന്നങ്ങള്‍ വില്‍ക്കാനും അറിവു നേടാനും വിനോദത്തിനുമുള്ള പ്ലാറ്റ്ഫോമായി ടിക് ടോകിനെ ഉപയോഗിക്കുന്നു, ടിക് ടോക് വെറുമൊരു ആപ്പല്ല എന്നിങ്ങനെയാണ് പ്രതിഷേധത്തില്‍ പങ്കെടുത്തവരുടെ പ്രതികരണം.