ന്യുയോർക്ക്: അവിഹിതബന്ധം രഹസ്യമാക്കിവയ്ക്കാൻ നീലച്ചിത്ര നടിക്കു പണം നൽകിയ കേസിലെ വിധിക്കു പിന്നാലെ, അമേരിക്കൻ മുൻ പ്രസിഡന്റും റിപ്പബ്ളിക്കൻ നേതാവുമായ ഡോണൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പു സംഭാവനയിൽ വൻ കുതിപ്പ്. കേസിൽ ട്രംപ് വിചാരണ നേരിടണമെന്ന വിധി വന്ന് 24 മണിക്കൂറിനുള്ളിൽ, 40 ലക്ഷം ഡോളർ ട്രംപിനു സംഭാവനയായി ലഭിച്ചതായി ഒരു അമേരിക്കൻ മാധ്യമം റിപ്പോർട്ട് ചെയ്തു. വിധിക്കു പിന്നാലെ സംഭാവന ആവശ്യപ്പെട്ട് ട്രംപ് ക്യാന്പിൽനിന്ന് നിരവധി റിപ്പബ്ളിക്കൻ പാർട്ടി അനുഭാവികൾക്ക് ഇ-മെയിൽ പോയിരുന്നു.
മാൻഹാട്ടൻ ഗ്രാൻഡ് ജൂറിയാണു ട്രംപിനെതിരേ വിധി പുറപ്പെടുവിച്ചത്. ക്രിമിനൽ കുറ്റം നേടിരുന്ന ആദ്യ മുൻ അമേരിക്കൻ പ്രസിഡന്റാണു ട്രംപ്. എന്തൊക്കെ കുറ്റങ്ങളാണു ട്രംപിനെതിരേ ചുമത്തുകയെന്നോ ഏതൊക്കെ വകുപ്പുകൾ ഉൾപ്പെടുത്തുമെന്നോ വ്യക്തമല്ല. നീലച്ചിത്രനടിയായ സ്റ്റോമി ഡാനിയൽസിനു ട്രംപ് പണം നൽകിയെന്നാണ് ആരോപണം. ട്രംപ് ചൊവ്വാഴ്ച വിചാരണ നേരിടാനായി കോടതിയിലെത്തുമെന്നാണു കരുതപ്പെടുന്നത്.