അമേരിക്കയുടെ ചരിത്രത്തിൽ അപൂർവതയായി മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അറസ്റ്റ്. പോൺ താരം സ്റ്റോമ്മി ഡാനിയേൽസിനു പണം നൽകിയ കേസിൽ ട്രംപിനെതിരെ ചുമത്തിയത് 34 കേസുകൾ. കുറ്റം നിഷേധിച്ച ട്രംപ് യുഎസ് കോടതി ജഡ്ജിയേയും അഭിഭാഷകരേയും കുറ്റപ്പെടുത്തി.
മാൻഹട്ടൺ കോടതിയിൽ ഹാജരായ ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. 34 കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയത്. കുറ്റപത്രം വായിച്ചു കേട്ട ട്രംപ് ആരോപണങ്ങൾ നിഷേധിച്ചു. വാദം പൂർത്തിയാക്കിയ ശേഷം മടങ്ങിയ ഡോണൾഡ് ട്രംപ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. തിരികെ ഫ്ലോറിഡയിലെത്തിയ ട്രംപ് മാർ എ ലാഗോയിൽ പാർട്ടി റിപ്പബ്ലിക്കൻ പ്രവർത്തകരെ കണ്ടു.
കേസ് രാജ്യത്തിന് തന്നെ അപമാനമാണെന്നും തെളിവുകളില്ലാത്ത കേസ് തനിക്കെതിരായ രാഷ്ട്രീയഗൂഢാലോചനയുടെ ഭാഗമാണെന്നും വിമർശിച്ച ട്രംപ് ജഡ്ജിയേയും അഭിഭാഷകരേയും കുറ്റപ്പെടുത്തി. അമേരിക്ക തകർച്ചയുടെ വക്കിലാണ്, പണപ്പെരുപ്പം നിയന്ത്രണാതീതമായി. വീണ്ടും അധികാരത്തിലെത്തിയാൻ നഷ്ടപ്പെട്ട പ്രതാപം അമേരിക്കയുടെ തിരിച്ചുപിടിക്കുമെന്നും ട്രംപ് പറഞ്ഞു.
2016ൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപുമായുള്ള ബന്ധം പുറത്തുപറയാതിരിക്കാൻ സ്റ്റോമി ഡാനിയേലിന് പണം നൽകിയെന്നും തെറ്റായ കണക്ക് രേഖപ്പെടുത്തി എന്നുമാണ് കേസ്. ഡിസംബർ 4 ന് നേരിട്ട് ട്രംപ് വീണ്ടും കോടതിയിൽ ഹാജരാകണം.