2024ല്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി തീവ്ര വലത് പാസ്റ്റര്‍മാരെ നിരത്തി കളം പിടിക്കാനൊരുങ്ങി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഡോണള്‍ഡ് ട്രംപിന്റെ വിശ്വസ്തരായ റോജര്‍ സ്റ്റോണ്‍, റിട്ടയേര്‍ഡ് ആര്‍മി ലെഫ്റ്റനന്റ് ജനറല്‍ മൈക്കല്‍ ഫ്‌ലിന്‍ എന്നിവരുമായി ബന്ധമുള്ള ഒരു തീവ്ര വലതുപക്ഷ ഗ്രൂപ്പാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാസ്റ്റര്‍മാരെ നിരത്താന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. അരിസോണ, ജോര്‍ജിയ, നോര്‍ത്ത് കരോലിന, ഒഹായോ, പെന്‍സില്‍വാനിയ തുടങ്ങിയ സ്ഥലങ്ങളിലെ പള്ളികളിലെ തീവ്ര വലത് പാസ്റ്റര്‍മാരെ കളത്തിലിറക്കിയാകും ട്രംപ് അനുകൂല പ്രചാരണം നടക്കുക.
ട്രംപ് അനുകൂല പ്രചാരണത്തിനിറങ്ങുന്ന പാസ്റ്റേര്‍സ് ഫോര്‍ ട്രംപ് എന്ന ഗ്രൂപ്പ് മുഖ്യധാരാ ക്രിസ്ത്യന്‍ മതനേതാക്കളില്‍ നിന്ന് രൂക്ഷവിമര്‍ശനങ്ങളാണ് ഇപ്പോള്‍ നേരിട്ടുവരുന്നത്. തീവ്ര ആശയങ്ങള്‍ പ്രചരിപ്പിച്ചും ക്രിസ്ത്യന്‍ ആശയങ്ങളെ വളച്ചൊടിച്ചും ക്രിസ്ത്യന്‍ ദേശീയതയ്ക്ക് ഇന്ധനം പകര്‍ന്ന് ഇത്തരം തീവ്ര ഗ്രൂപ്പുകള്‍ അമേരിക്കന്‍ ജനാധിപത്യത്തെ അപകടപ്പെടുത്തുകയാണെന്നാണ് വിമര്‍ശനം.
ഒക്‌ലഹോമ ആസ്ഥാനമായുള്ള ഇവാഞ്ചലിക്കല്‍ പാസ്റ്ററും വ്യവസായിയുമായ ജാക്‌സണ്‍ ലഹ്‌മെയര്‍ ആണ് പാസ്റ്റേഴ്‌സ് ഫോര്‍ ട്രംപ് ഓര്‍ഗനൈസേഷനെ നയിക്കുന്നത്. തങ്ങളുടെ ഈ കൂട്ടായ്മയില്‍ 7000ല്‍ അധികം പാസ്റ്റര്‍മാര്‍ അംഗങ്ങളാണെന്ന് ജാക്‌സണ്‍ പറഞ്ഞതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മെയ് 11ന് മിയാമിയില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ ഭാവി പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നും ഈ ചടങ്ങിലേക്ക് ട്രംപിനെ ക്ഷണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെയ് 12,13 തിയതികളില്‍ നടക്കുന്ന റീഎവേക്കണ്‍ അമേരിക്ക ഇവാഞ്ചലിക്കല്‍ സമ്മേളനത്തില്‍ ട്രംപ് അനുകൂല ഗ്രൂപ്പിനെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും കൂടുതല്‍ സംസാരിക്കുമെന്നും ജാക്‌സണ്‍ ലഹ്‌മെയര്‍ അറിയിക്കുന്നു. 2020ലെ തെരഞ്ഞെടുപ്പില്‍ ചൈനയുടെ ഇടപെടല്‍ ഉണ്ടായെന്നും ഇപ്പോള്‍ കടന്നുപോകുന്ന മോശമായ അവസ്ഥയ്‌ക്കെതിരായി ആത്മീയമായ പോരാട്ടമാണ് തങ്ങള്‍ നടത്താന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സമ്പദ് വ്യവസ്ഥ തകര്‍ച്ചയെ നേരിട്ടുവരികയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.