വാഷിങ്ടണ്‍: തന്നെ കാണാനെത്തിയ അനുയായികള്‍ക്ക് റസ്റ്റോറന്റിൽ ഭക്ഷണം വാഗ്ദാനം ചെയ്തശേഷം മുൻ അമേരിക്കൻ പ്രസിഡന്റ് ട്രംപ് മുങ്ങിയതായി ആരോപണം. മിയാമിയിലെ ക്യൂബന്‍ ഹോട്ടലില്‍വെച്ചാണ് സംഭവം. റസ്റ്റോറന്റിലെത്തിയ എല്ലാവർക്കും ഭക്ഷണം നൽകാൻ ട്രംപ് നിർദേശിക്കുകയും പണം നൽകാതെ സ്ഥലംവിടുകയും ചെയ്തെന്നാണ് പരിഹാസം.
ലിറ്റില്‍ ഹവാനയിലെ ഒരു ഹോട്ടലിലാണ് സംഭവം. തന്നെ കണ്ട സന്തോഷത്തില്‍ സ്ഥലത്ത് തടിച്ചുകൂടിയ അനുനായികൾക്കെല്ലാവര്ക്കും ഭക്ഷണം നല്‍കാമെന്ന് ട്രംപ് വാഗ്ദാനം ചെയ്യുകയായിരുന്നു. എന്നാല്‍ പിന്നീട് ഹോട്ടല്‍ ബില്‍ അടയ്ക്കാതെ അദ്ദേഹം സ്ഥലം വിട്ടതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതു സംബന്ധിച്ച് വാർത്തകൾ പ്രചരിച്ചതോടെ ട്രംപിനെയും അനുകൂലികളെയും പരിഹസിച്ചുകൊണ്ട് നിരവധി പേര് സാമൂഹികമാധ്യമങ്ങളില്‍ ട്രോളുകളുമായി രംഗത്തെത്തി.
തന്നെ സ്വാഗതം ചെയ്യുന്നതിനായി ഹോട്ടലില്‍ എത്തിയവരെ കണ്ട് ട്രംപ് ആവേശഭരിതനായിരുന്നുവെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. ഈ അവസരത്തിലാണ് ഹോട്ടലില്‍ തടിച്ചു കൂടിയവര്‍ക്ക് ഭക്ഷണം നല്കാന് അദ്ദേഹം ആവശ്യപ്പെടുന്നത്. എന്നാല്‍ ട്രംപ് പുറത്തേക്കു പോയപ്പോള്‍ അവിടെയുണ്ടായിരുന്നവരും പുറത്തേക്ക് വന്നിരുന്നു. ഇവര്‍ ഒന്നും ഓര്‍ഡര്‍ ചെയ്തിരുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.