അറ്റ്ലാന്റ: നിയമവിരുദ്ധ പ്രവർത്തനവും തിരഞ്ഞെടുപ്പ് കൃത്രിമത്വവും കാണിച്ചതിന് അമേരിക്കയുടെ മുന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെതിരെ കുറ്റം ചുമത്തി. 2020ലെ തിരഞ്ഞെടുപ്പിൽ ജോ ബൈഡനെ തോൽപ്പിക്കാൻ നടത്തിയ നീക്കങ്ങൾക്കെതിരെയാണ് കുറ്റം ചുമത്തിയത്. രണ്ട് വർഷത്തെ അന്വേഷണത്തിനൊടുവിലാണ് നടപടി.
ട്രംപിനെതിരെ ഈ വർഷം ചുമത്തുന്ന നാലാമത്തെ കേസാണ് ഇത്. ഈ കേസിന്റെ വിചാരണ ടെലിവിഷൻ സ്ക്രീനുകളിലൂടെ തത്സമയം കാണിച്ചേക്കാം. അറ്റ്ലാന്റയിലെ പ്രോസിക്യൂട്ടർമാർ ട്രംപിനെതിരെ 13 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വിവിധ അധികാര പരിധികളിൽ കേസുകളുള്ളത് ട്രംപിന് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും. അടുത്ത പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള ട്രംപിന്റെ മോഹങ്ങൾക്കും ഇത് തിരിച്ചടിയായേക്കാം. ന്യൂയോർക്ക്, സൗത്ത് ഫ്ലോറിഡ എന്നിവിടങ്ങളിൽ ട്രംപ് നിലവിൽ വിചാരണ നേരിടുന്നുണ്ട്.
രണ്ട് തവണ ഇംപീച്ച് ചെയ്യപ്പെട്ട ട്രംപിനെതിരെ ജോർജിയയിലെ റാക്കറ്റീർ ഇൻഫ്ലുവൻസ്ഡ് ആൻഡ് കറപ്റ്റ് ഓർഗനൈസേഷൻസ് (റിക്കോ) നിയമം ലംഘിച്ചതിനും, വ്യാജരേഖ ചമയ്ക്കാനും ആൾമാറാട്ടം നടത്താനും തെറ്റായ പ്രസ്താവനകളും രേഖകളും സമർപ്പിക്കാനും ശ്രമിച്ചതിനുമായി ആറ് ഗൂഢാലോചന കേസുകളും ചുമത്തിയിട്ടുണ്ട്. ട്രംപിന്റെ മുൻ സ്വകാര്യ അഭിഭാഷകൻ റൂഡി ഗ്യുലിയാനി, ട്രംപിന്റെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് മാർക്ക് മെഡോസ് എന്നിവരുൾപ്പെടെ നിരവധി പേരെ പ്രതികളായി കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പുതിയ കേസ് കൂടി ട്രംപിനെതിരെ ചുമത്തിയതോടെ അനുകൂലികളുടെ പ്രതിഷേധം പ്രതീക്ഷിച്ച് അറ്റ്ലാന്റയിലെ ഡൗൺടൗൺ കോടതിക്ക് പുറത്ത് സുരക്ഷാ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. മുൻപ് പല കേസുകളും ട്രംപിനെതിരെ ചുമത്തിയപ്പോൾ ട്രംപ് അനുകൂലികളുടെ വലിയ പ്രതിഷേധത്തിന് തലസ്ഥാനം സാക്ഷ്യം വഹിച്ചിരുന്നു.