വാഷിംഗ്ടണ്‍: തെരഞ്ഞെടുപ്പ് അട്ടിമറി കേസിൽ അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് കീഴടങ്ങി. അറ്റലാന്‍റയിലെ ഫുൾട്ടൺ കൌണ്ടി ജയിലിലാണ് കീഴടങ്ങിയത്. ട്രംപിനെതിരെ 13 കേസുകളാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിലാണ് കീഴടങ്ങിയത്. അറസ്റ്റ് ചെയ്ത് ശേഷം ജാമ്യത്തിൽ വിട്ടയച്ചു. അമേരിക്കയുടെ ദുഃഖ ദിനമാണ് ഇന്നെന്ന് ട്രംപ് പ്രതികരിച്ചു.
2020ല്‍ നടന്ന അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ദക്ഷിണ സംസ്ഥാനങ്ങളിലെ ഫലങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. അക്രമം, ഗൂഢാലോചനയടക്കം 13 കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയത്.
ലൈംഗികബന്ധം മറച്ചുവെയ്ക്കാന്‍ പോണ്‍ താരത്തിന് പണം നല്‍കിയെന്ന കേസില്‍ കഴിഞ്ഞ ഏപ്രിലില്‍ ട്രംപ് അറസ്റ്റിലായിരുന്നു. കുറ്റപത്രം വായിച്ചുകേട്ട ട്രംപ് ആരോപണങ്ങൾ നിഷേധിച്ചു. ട്രംപിനെതിരെ 34 കുറ്റങ്ങളാണ് ചുമത്തിയത്. കോടതി നടപടിക്ക് മുന്നോടിയായി ട്രംപിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും വാദം പൂർത്തിയാക്കിയ ശേഷം വിട്ടയക്കുകയായിരുന്നു. പോണ്‍ താരം സ്റ്റോമി ഡാനിയേൽസുമായുള്ള ലൈംഗികബന്ധം മറച്ചുവെക്കാൻ 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുൻപ് 1.30 ലക്ഷം ഡോളർ നൽകിയെന്നാണു ട്രംപിനെതിരായ കേസ്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചാണ് ട്രംപ് പണം നൽകിയതെന്നാണ് പ്രധാന ആരോപണം. കഴിഞ്ഞയാഴ്ചയാണ് മൻഹാട്ടൻ ഗ്രാൻഡ് ജൂറി ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
വൈറ്റ്ഹൗസ് വിട്ട ശേഷവും ദേശീയ സുരക്ഷാ രേഖകൾ സൂക്ഷിച്ചെന്ന കേസിലും ട്രംപിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അതീവ രഹസ്യമെന്ന് അടയാളപ്പെടുത്തിയ രേഖകള്‍ ട്രംപിന്‍റെ ഫ്ലോറിഡയിലെ വസതിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. ദേശീയ സുരക്ഷയെ വരെ ബാധിക്കുന്ന രേഖകള്‍ എന്നാണ് എഫ്.ബി.ഐയുടെ റിപ്പോര്‍ട്ട്. തുടര്‍ന്ന് ഏഴ് കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയത്.