ന്യൂയോർക്ക്:തന്റെ ബ്രാൻഡിന്റെ പേരിലാണ് പ്രസിഡന്റായതെന്ന് യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട കേസിൽ വാദം നടക്കുന്നതിനിടെ കോടതിയിലാണ് ഇക്കാര്യം പറഞ്ഞത്.
ഡോണൾഡ് ട്രംപ് മിണ്ടാതിരിക്കണം; ന്യായാധിപർക്കും സാക്ഷികൾക്കുമെതിരെ ഭീഷണി അരുതെന്ന് കോടതി
ഡോണൾഡ് ട്രംപ്, അദ്ദേഹത്തിന്റെ മക്കളായ ഡോൺ ജൂനിയർ, എറിക്, ട്രംപ് ഓർഗനൈസേഷൻ എക്സിക്യുട്ടീവ് എന്നിവർക്കെതിരെയാണ് കേസ്. റിയൽ എസ്റ്റേറ്റ് വസ്തുക്കളുടെ മൂല്യം പെരുപ്പിച്ച് കാട്ടി ബില്യൻ കണക്കിന് ഡോളർ ബാങ്ക് വായ്പ എടുക്കുകയും ഇൻഷുറൻസ് നേടുകയും ചെയ്തുവെന്നാണ് കേസ്.
താൻ പ്രസിഡന്റായത് തന്റെ ബ്രാൻഡിന്റെ പേരിലാണെന്ന് ട്രംപ് കോടതിയിൽ മറുപടി നൽകി. വളരെ സങ്കടകരമായ സാഹചര്യമാണെന്ന് ട്രംപ് കോടതിക്ക് പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബനാന റിപ്പബ്ലിക് ആയ മൂന്നാം ലോക രാജ്യങ്ങളിൽ മാത്രം സംഭവിക്കുന്ന കാര്യങ്ങളാണിത്. ഡെമോക്രാറ്റുകൾ നടത്തുന്ന അന്യായമായ വിചാരണയാണിതെന്നും ട്രംപ് പറഞ്ഞു.
ഇതിനിടെ, കോടതിയുടെ ശകാരത്തിനും ട്രംപിന് വിധേയനാകേണ്ടി വന്നു. ഇത് രാഷ്ട്രീയ റാലി അല്ലെന്ന് കോടതി പറഞ്ഞു. ചോദിക്കുന്ന ചോദ്യങ്ങൾക്ക് മാത്രം മറുപടി പറഞ്ഞാൽ മതി. പ്രസംഗിക്കേണ്ട കാര്യമില്ലെന്നും കോടതി കൂട്ടിച്ചേർത്തു. ന്യൂയോർക്ക് സുപ്രീം കോടതി ജഡ്ജി ആർതർ എൻഗൊരോൻ ആണ് ട്രംപിനെ ശകാരിച്ചത്. ട്രംപിനെ നിയന്ത്രിക്കണമെന്ന് ട്രംപിന്റെ അഭിഭാഷകൻ ക്രിസ്റ്റഫർ കൈസിനോട് ആവശ്യപ്പെടുകയും ചെയ്തു.