വാഷിങ്ടൻ : മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുതിർന്ന സഹോദരിയെ മരിച്ച നിലയിൽ കണ്ടെത്തി. മരിയാനെ ട്രംപ് ബാരി (86) ആണു മരിച്ചത്. അപ്പർ ഈസ്റ്റ് സൈഡ് അപ്പാർട്ട്മെന്റിലാണു മൃതദേഹം കണ്ടതെന്നു ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. കിടപ്പുമുറിയിലായിരുന്നു മൃതദേഹം.
ഫെഡറൽ ജഡ്ജിയായി വിരമിച്ച മരിയാനെയുടെ മരണകാരണം എന്തെന്ന് ആരോഗ്യവിദഗ്ധർ പരിശോധിച്ചു കണ്ടെത്തും. 1983ൽ അന്നത്തെ യുഎസ് പ്രസിഡന്റ് റോണാൾഡ് റീഗനാണു ന്യൂജഴ്സിയിലെ ജില്ലാ കോടതിയിൽ ഇവരെ നിയമിച്ചത്. ഫെഡറൽ അപ്പീൽസ് കോടതി ജഡ്ജിയായി ഉയർന്ന മരിയാനെ 2019ൽ വിരമിച്ചു.
തന്റെ സഹോദരനായ ട്രംപിനു യാതൊരു തത്വദീക്ഷയുമില്ലെന്നും നുണയനാണെന്നും 2020ൽ മരിയാനെ പറയുന്ന രഹസ്യ ടേപ്പുകൾ പുറത്തുവന്നിരുന്നു. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയത്തിന്റെ ശക്തയായ വിമർശകയായും വാർത്തകളിൽ നിറഞ്ഞു.