അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിനിടെ വിവാദ വംശീയ പ്രസ്താവനയുമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ്. താന്‍ അധികാരത്തിലെത്തിയാല്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കുടിയേറ്റ നിയമത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ട്രംപ് ഏഷ്യ-ആഫ്രിക്ക വംശജരെ അടച്ചാക്ഷേപിക്കുന്ന വിവാദ പ്രസ്താവന നടത്തിയത്.
ഏഷ്യയും ആഫ്രിക്കയും ഏറ്റവും മോശം ആള്‍ക്കാരുടെയും കൊടുംക്രിമിനലുകളുടെയും വിളനിലമാണെന്നും അവിടെ നിന്ന് അവര്‍ അമേരിക്കയിലേക്ക് കൂട്ടത്തോടെ കുടിയേറുകയാണെന്നും അവരുടെ മുന്നില്‍ അമേരിക്കന്‍ പൗരന്മാരായ ക്രിമിനലുകള്‍ എത്രയോ മാന്യന്മാരാണെന്നുമായിരുന്നു ട്രംപിന്റെ പ്രസ്താവന. ഡെമോക്രാറ്റുകള്‍ ഇവരുടെ കുടിയേറ്റത്തിന് സഹായകരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും കമലാ ഹാരിസ് ഈ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ അമേരിക്കയില്‍ നടക്കുന്ന അവസാന പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പായി ഇതു മാറുമെന്നും ട്രംപ് പറഞ്ഞു.
”ലോകത്തെ ഏറ്റവും മോശം ആള്‍ക്കാരും ക്രിമിനലുകളുമുള്ള സ്ഥലങ്ങളാണ് ആഫ്രിക്കയും ഏഷ്യയും. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്ത് അവിടെ ജയിലിലും മറ്റും കിടന്ന ക്രിമിനലുകള്‍ അമേരിക്കന്‍ മണ്ണിലേക്ക് കൂട്ടത്തോടെ കുടിയേറുകയാണ്. തീവ്രവാദം അടവച്ചു വിരിയിക്കുന്ന രീതിയിലാണ് അമേരിക്കയില്‍ ഇപ്പോഴുള്ള കുടിയേറ്റ നിയമങ്ങള്‍. ഇതു രാജ്യത്തിന്റെ നിലനില്‍പ്പിനു തന്നെ ആപത്കരമാണ്”- ട്രംപ് പറഞ്ഞു.